റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെന്സ് ഇഖ്റ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് മെഷീൻ നൽകി. കോഴിക്കോട് നടന്ന ചടങ്ങിൽ കോഴിക്കോടെന്സ് റിയാദ് മുൻ ചീഫ് ഓർഗനൈസർ മൊഹിയുദ്ധീൻ സഹീർ ഇഖ്റ ഹോസ്പിറ്റൽ എക്സിക്യു്ട്ടീവ് ഡയറക്ടർ ഡോ. പി.സി അൻവറിന് ഡയാലിസിസ് മെഷീന്റെ തുക കൈമാറി.
റിയാദിൽ സംഘടിപ്പിച്ച മുഹബ്ബത്ത് നൈറ്റിന്റെ ഭാഗമായി പാവപ്പെട്ടവരായ കിഡ്നി രോഗികളെ സഹായിക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് സെന്ററുകൾക്കാണ് മെഷീൻ നൽകുന്നത്. പ്രവാസികളടക്കം നിരവധി പേരാണ് വൃക്ക രോഗത്താൽ പ്രയാസപ്പെടുന്നത്. എന്നാൽ തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നതിന് വലിയ തുക ആവശ്യമായതിനാൽ പലരും മതിയായ ചികിത്സ തേടാറില്ല. ഇത്തരം രോഗികൾക്ക് ഒരു സഹായമെന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തത്. റിയാദിലാരംഭിച്ച കോഴിക്കോടെന്സിന്റെ പ്രവർത്തനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് സംഘടനാ ഭാരവാഹികൾ. ഇതിന്റെ ഭാഗമായി 24ന് കോഴിക്കോട് വെച്ച് സംഗമം ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ സംസ്ഥാന മദ്രസ്സ വെൽഫെയർ ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽഗഫൂർ മുഖ്യാതിഥിയായിരുന്നു. അഷ്റഫ് വേങ്ങാട്ട്, നാസർ കാരന്തൂർ, വി കെ കെ അബ്ബാസ്, മൈമൂന ടീച്ചർ, ഷാഹിൻ കുറ്റിച്ചിറ, നവാസ് കെ പി എന്നിവരും സന്നിഹിതരായിരുന്നു.