കോട്ടയം : അഞ്ചു വര്‍ഷത്തിലേറെ കാലം നിയമപോരാട്ടത്തിനൊടുവില്‍ അമ്പത് കോടി രൂപ ചെലവിട്ട് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാവുന്നതിന്‍റെ ആശ്വാസത്തിലാണ് കോട്ടയത്തൊരു പ്രവാസി സംരംഭകന്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നല്‍കിയ കളളക്കേസുകള്‍ കാരണമാണ് തനിക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതെന്ന് ഉമ്മന്‍ ഐപ്പെന്ന സംരംഭകന്‍ ആരോപിക്കുന്നു. കളളക്കേസുകളെ തുടര്‍ന്ന് തദ്ദേശ വകുപ്പില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉമ്മന്‍ ഐപ്പിന് അനുകൂലമായ ഉത്തരവിട്ടത്.
ചെങ്ങന്നൂരുകാരന്‍ ഉമ്മന്‍ ഐപ്പ്, അമ്പത് കോടിയോളം രൂപ ചെലവിട്ടാണ് കോട്ടയം നഗരത്തിലെ പഴയൊരു പ്ലൈവുഡ് ഫാക്ടറി കൂറ്റന്‍ കണ്‍വെന്‍ഷന്‍ സെന്‍ററാക്കി പരിവര്‍ത്തനപ്പെടുത്തിയത്. പ്രവാസി വ്യവസായിയായ ഉമ്മന്‍ ഐപ്പ് 2009 ലാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മാണവുമായി രംഗത്തിറങ്ങിയത്. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ സമീപവാസിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ജെജെ പാലക്കലോടി നിരന്തരമായി കളള കേസുകള്‍ നല്‍കി തുടക്കം മുതല്‍ തന്‍റെ സംരംഭത്തെ എതിര്‍ക്കുകയായിരുന്നെന്ന് ഉമ്മന്‍ ഐപ്പ് പറയുന്നു. കേസിനു പുറമേ മറ്റ് പലതരത്തിലും തന്നെ കോണ്‍ഗ്രസ് നേതാവ് ഉപദ്രവിച്ചെന്നും ഉമ്മന്‍ ആരോപിച്ചു.കോണ്‍ഗ്രസ് നേതാവിന്‍റെ വീട് വലിയ വില കൊടുത്ത് വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതിന്‍റെ പേരിലാണ് തനിക്കെതിരെ കളളക്കേസുകള്‍ കൊടുത്തതെന്നാണ് ഉമ്മന്‍ ഐപ്പിന്‍റെ ആരോപണം. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാവിന്‍റെ നീക്കങ്ങള്‍ക്ക് കൂട്ടുനിന്നെന്നും ഉമ്മന്‍ഐപ്പിന് പരാതിയുണ്ട്.
നിരന്തരമായ നിയമ പോരാടങ്ങള്‍ക്കൊടുവില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങാനുളള അനുകൂല ഉത്തരവ് കഴിഞ്ഞ ദിവസം ഉമ്മന്‍ ഐപ്പിന് ഹൈക്കോടതിയില്‍ നിന്ന് കിട്ടി. വേഗത്തില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങാനുളള നീക്കത്തിലാണ് പ്രവാസി സംരംഭകന്‍. എന്നാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നിന്നുളള മലിന ജലം തന്‍റെ വീട്ടിലേക്ക് വീഴുന്നതടക്കമുളള പ്രശ്നങ്ങളുയര്‍ത്തിയാണ് താന്‍ കോടതിയെ സമീപിച്ചതെന്നാണ് ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ജെജെ പാലക്കലോടിയുടെ വിശദീകരണം. മറിച്ചുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാലക്കലോടി പറഞ്ഞു. തോട് കൈയേറിയാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മാണമെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പാലക്കലോടി പ്രതികരിച്ചു.