സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസം കഴിയുന്തോറും കൂടുന്നതല്ലാതെ കുറയുന്നില്ല. അതുപോലെ ഒരു ദുരനുഭവമാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ഒരു ജൂനിയർ വനിതാ ഡോക്ടർക്കും ഉണ്ടായത്. ആപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബൈക്കർ റൈഡ് കാൻസൽ ചെയ്തതിന്റെ പേരിൽ ഡോക്ടറെ നിരന്തരം വിളിക്കുകയും അശ്ലീലമെസ്സേജുകൾ അയക്കുകയും ചെയ്യുകയായിരുന്നു.
മുൻ സിഎൻഎംസിഎച്ച് വിദ്യാർത്ഥിനിയും നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദധാരിയുമായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. പിന്നീട്, ഈ ബൈക്ക് റൈഡറെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുർബ ജാദവ്പൂരിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ അന്വേഷണം ആരംഭിക്കുകയും ആപ്പ് ബൈക്ക് റൈഡറെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുകുന്ദപൂർ സ്വദേശിയായ രാജു ദാസ് എന്ന 41 -കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ഡിസി (ഈസ്റ്റ്) ആരിഷ് ബിലാൽ പറഞ്ഞത്. വ്യാഴാഴ്‌ചയാണ് യുവതി റൈഡ് ബുക്ക് ചെയ്തത്. എന്നാൽ, പിന്നീട് റൈഡർ വൈകും എന്ന് അറിഞ്ഞു. യുവതിയുടേത് അടിയന്തിര സാഹചര്യം ആയതുകൊണ്ട് അത് കാൻസൽ ചെയ്ത് മറ്റൊരു വണ്ടിക്ക് പോകേണ്ടി വന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
പിന്നാലെ ഇയാൾ യുവതിയെ 17 തവണ വിളിച്ചു. എന്തുകൊണ്ട് റൈഡ് കാൻസൽ ചെയ്തു എന്ന് ചോദിച്ച് യുവതിയോട് കയർക്കുകയും ചെയ്തു. ഇതുകൊണ്ടും തീർന്നില്ല, യുവതിയുടെ ഫോണിലേക്ക് വാട്ട്സാപ്പ് വഴി അശ്ലീലവീഡിയോ അയക്കുകയും ചെയ്തു. അത് യുവതി ചോദ്യം ചെയ്തപ്പോൾ അവരോട് മോശമായി പെരുമാറി എന്നും പൊലീസ് പറയുന്നു.