റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: കഴിഞ്ഞ അഞ്ച് വർഷക്കാലമായി കൊയിലാണ്ടിക്കാരുടെയും പരിസരവാസികളുടെയും കൂട്ടായ്മയായിരുന്ന ഫ്രൻ്റ്സ് ഓഫ് റിയാദ്, ഇനി മുതൽ കൊയിലാണ്ടി നാട്ടുകൂട്ടം എന്ന പേരിൽ പ്രാദേശിക സംഘടനാ തലത്തിലേക്കുയർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂട്ടുചേർന്നയിടം, ഹൃദയവിശാലത എമ്പാടുമുണ്ടായിരിക്കേണ്ട നന്മയ്ക്കും സൗഹൃദത്തിനും കാരുണ്യത്തിനുമെല്ലാം നാക്കിലയിൽ വിളമ്പിയ കറിവേപ്പില കൊളുന്തിന്റെ പോലും വില കല്പിക്കുന്നില്ലെന്ന് മാത്രമല്ല, വീഴ്ചകളിൽനിന്ന് പാഠമുൾക്കൊള്ളാൻ തയ്യാറാവുകയും ചെയ്യാതെ പാരതന്ത്ര്യത്തിന്റെ കെട്ടുബാധ്യതകൾ നിരന്തരം മെനഞ്ഞുകൊണ്ടിരിക്കുകയുമാണെന്ന തിരിച്ചറിവിൽനിന്ന്, രാജാവ് നഗ്നനാണെന്ന് പറയാൻ നെഞ്ചൂക്ക് കാട്ടി സ്വാതന്ത്ര്യം പ്രഖ്യാപിച്ചവർ കഴിഞ്ഞ കാലങ്ങളിൽ ഫ്രൻ്റ്സ് ഓഫ് റിയാദ് എന്ന പേരിൽ മികച്ച സംഘടനാപ്രവർത്തനങ്ങളുമായി സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ സജീവമായിരുന്നു. പ്രാദേശിക കൂട്ടായ്മയെന്ന നിലയിൽ മഹത്തായ ആറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തുടർ പ്രയാണം ചരിത്രതിരുശേഷിപ്പുകൾ കൊണ്ട് സമ്പന്നമായ കൊയിലാണ്ടിയുടെ പേരിൽ തന്നെയായിരിക്കണം എന്ന ഉറച്ച തീരുമാനത്തിൽ നിന്നാണ് “കടലോളം കാരുണ്യം, കടൽ താണ്ടിയ നാട്ടുനന്മ” എന്ന ആപ്തവാക്യം ഉൾക്കൊണ്ട് “കൊയിലാണ്ടി നാട്ടുക്കൂട്ട”ത്തിന്റെ തിരുപ്പിറവി.
നാട്ടുനന്മയുടെ നേരും നെറിയും മുഖമുദ്രയാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈകോർക്കുമ്പോൾ അവിടെ കലയും സാഹിത്യവും അന്യമാവുന്നില്ല എന്നതാണ് കൊയിലാണ്ടി നാട്ടുക്കൂട്ടത്തെ വ്യത്യസ്തമാക്കുന്നത്.
ജൂൺ രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് റിയാദിലെ സ്വാദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഘടനയുടെ ലോഗോ പ്രകാശനവും സൗഹൃദ സംഗമവും വൈസ് പ്രസിഡണ്ട് അമലേന്ദുവിന്റെ അദ്ധ്യക്ഷതയിൽ ഗഫൂർ കൊയിലാണ്ടി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജയ്സൽ നടുവണ്ണൂർ നന്ദിയും പറഞ്ഞു.