റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വർഷത്തിലേക്ക്. അഞ്ചാം ഘട്ട അംഗത്വ കാമ്പയിന്റെ ഉദ്ഘാടനം കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ മുഹമ്മദ് ചേലേമ്പ്രക്ക് ഫോം നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷനായിരുന്നു.
നാല് വർഷ കാലയളവിനിടയിൽ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ 24 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ ആശ്രിതർക്ക് രണ്ട് കോടി നാല്പത് ലക്ഷം രൂപയാണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. കൂടാതെ 12 ലക്ഷം രൂപ ചികിത്സാ സഹായമായും നൽകി. രണ്ടാഴ്ച മുമ്പ് കോഴിക്കോട് വെച്ച് നടന്ന പരിപാടിയിൽ നാലാം ഘട്ട പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ഏഴ് പേരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതവും, ചികിത്സാ സഹായവുമടക്കം 75 ലക്ഷം രൂപയുടെ ധന സഹായം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്തിരുന്നു. അതാത് സമയങ്ങളിൽ തന്നെ പദ്ധതി വിഹിതം അർഹരിലേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊതുവെ കണ്ടു വരുന്ന നൂലാമാലകളൊന്നുമില്ലാതെ വളരെ ലളിതമായിട്ടാണ് സഹായം അർഹരായ കുടുംബങ്ങളിലേക്കെത്തിക്കുന്നത്.
2019ലാണ് സെൻട്രൽ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപയാണ് ഇത് വഴി നൽകി വരുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ തുക പ്രഖ്യാപിക്കപ്പെട്ട ഒരു പദ്ധതി പ്രവാസ ലോകത്ത് നടപ്പിലാവുന്നത്. അത് കൊണ്ട് തന്നെ പൊതു സമൂഹത്തിൽ നിന്നും തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വർഷം തോറും പദ്ധതിയിൽ ഭാഗമാവുന്ന പ്രവാസികളുടെ എണ്ണം കൂടി വന്നു. റിയാദിലുള്ള പ്രവാസികളായ ആർക്കും മത, കക്ഷി, രാഷ്ട്രീയ ഭേദമന്യേ പദ്ധതിയിൽ അംഗമാവാൻ കഴിയുമെന്നത് ഇതിന്റെ പൊതു സ്വീകാര്യതക്ക് ആക്കം കൂട്ടി.
കുടുംബ നാഥന്റെ വിയോഗത്തെ തുടർന്ന് വേദന കടിച്ചമർത്തി കഴിയുന്ന പ്രവാസി കുടുംബങ്ങളിൽ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
പദ്ധതി വിഹിതവുമായി വീട്ടിലെത്തുന്ന സംഘടനാ ഭാരവാഹികൾക്ക് അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മകളുടെ കല്യാണത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിലേക്ക് ഈ സഹായമെത്തിയപ്പോഴുണ്ടായ സന്ദർഭം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
വർഷങ്ങൾ നീണ്ട പ്രവാസത്തിനിടയിൽ കുടുംബത്തിന് സ്വസ്ഥമായി തല ചായ്ക്കാൻ ഒരു വീടോ, യാതൊരു വിധ നീക്കിയിരിപ്പോ ഇല്ലാത്തവരും അതിനപ്പുറം ലക്ഷങ്ങൾ ബാധ്യതയുള്ളവരുമായ നിരവധി പ്രവാസികളാണ് നമുക്കിടയിലുള്ളത്. എന്നാൽ മറ്റുള്ളവർ പ്രയാസപ്പെടുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ ഇവരിൽ പലരും മുൻപന്തിയിൽ തന്നെയുണ്ടാവാറുമുണ്ട്.
ഇത്തരം പ്രവാസികൾ മരണപ്പെട്ടു കഴിഞ്ഞാൽ ആ കടുംബം നിത്യ ദുരിതത്തിലേക്കാണ് നയിക്കപ്പെടുന്നത്. അവിടെയാണ് കെഎംസിസിയുടെ ഈ കാരുണ്യ പദ്ധതി ആ കുടുംബത്തിന് തണലായി മാറുന്നത്.
പ്രവാസ ലോകത്ത് ജീവ കാരുണ്യ പ്രവത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കെഎംസിസി ഘടകമാണ് റിയാദ് സെൻട്രൽ കമ്മിറ്റി. കഴിഞ്ഞ ആറ് വർഷക്കാലയളവിൽ പ്രസിഡന്റ് സി പി മുസ്തഫയുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി നടത്തിയ പ്രവർത്തങ്ങൾ
ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കോവിഡ് കാലത്ത് നടത്തിയ ചികിത്സാ സഹായങ്ങളും, ഭക്ഷ്യ, മരുന്ന് വിതരണവും കൗൺസിലിംഗും ആയിരങ്ങൾക്കാണ് ആശ്വാസമായത്. ഒരു കൂട്ടം പ്രവർത്തകർ രാവും പകലുമില്ലാതെ നടത്തിയ ‘കോവിഡ് മിഷൻ’ പ്രവർത്തനം വഴി നിരവധിയാളുകൾക്ക് തക്ക സമയത്ത് ചികിത്സ ലഭ്യമാക്കാനും രക്ഷിക്കാനുമായി. സദാ സേവന സന്നദ്ധരായ പ്രവർത്തകരും ആംബുലൻസ് സംവിധാനവും അന്ന് കെഎംസിസിയുടെ സേവന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിരുന്നു.
സൗജന്യമായും കുറഞ്ഞ നിരക്കിലും പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാന സർവ്വീസും ആ ദുരിത കാലത്ത് കമ്മിറ്റി ഒരുക്കിയിരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം മറവ് ചെയ്യുന്നതിന് സധൈര്യം മുന്നോട്ട് വന്ന സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് നൂറുക്കണക്കിനാളുകളുടെ മയ്യിത്തുകളാണ് മറമാടിയത്. ഇന്നും ഒരു കൂട്ടം കെഎംസിസി പ്രവർത്തകർ മത, ദേശ, ഭാഷാ വേർതിരിവില്ലതെ ഈ പ്രവർത്തങ്ങളിൽ വ്യാപൃതരാണ്. കേരളത്തിൽ ഉടനീളമുള്ള സി എച്ച് സെന്ററുകളെ സഹായിക്കാൻ റമദാനിൽ ഏകീകൃത ഫണ്ട് സമാഹരണം വഴി ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് റിയാദ് കെഎംസിസി വർഷങ്ങളായി നൽകി വരുന്നത്.
റിയാദിലെ സാമൂഹ്യ, സാംസ്കാരിക, കലാ, കായിക, വിനോദ, വിജ്ഞാന, നിയമ മേഖലകളിലെല്ലാം അദ്വിതീയമായ സാന്നിധ്യമറിയിച്ച റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നാട്ടിൽ കോടിക്കണക്കിന് രൂപയുടെ കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. സുരക്ഷാ പദ്ധതിയിൽ തുടർച്ചയായി അംഗത്വമെടുക്കുന്നവരിൽ അർഹരായ പ്രവാസികൾക്ക് പെൻഷൻ നൽകുന്നത് അടക്കം വിവിധ പ്രവർത്തനങ്ങൾ ഉടൻ തുടക്കം കുറിക്കും. അതെ സമയം നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിലും റിയാദിൽ നിന്ന് വർഷം തോറും പതിനായിരത്തിന് മുകളിൽ അംഗങ്ങളെ ചേർക്കാൻ സെൻട്രൽ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങുംതണലുമായി പ്രവർത്തിക്കുന്ന റിയാദ് കെഎംസിസിയുടെ സുരക്ഷാ പദ്ധതിയിൽ അംഗംഗത്വമെടുക്കുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാവുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
യോഗത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ യു പി മുസ്തഫ, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറോക്ക്, റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട് കൂടാതെ ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികളും പ്രധാന പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും വൈസ് പ്രസിഡന്റ് ബാവ താനൂർ നന്ദിയും പറഞ്ഞു.