മെൽബൺ : ഓസ്ട്രേലിയയിൽ കെട്ടിട നിർമ്മാണ വ്യവസായ പ്രതിസന്ധിയുടെ ആക്കം കൂട്ടികൊണ്ട്, മറ്റൊരു വിക്ടോറിയൻ ബിൽഡിങ് നിർമ്മാണ കമ്പനി കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.
മെൽബൺ ആസ്ഥാനമായുള്ള റെസിഡൻഷ്യൽ ബിൽഡർ Kleev Homes Pty .Ltd , ആണ് വ്യവസായ മേഘലയിലെ കിടമത്സരത്തിൽ തങ്ങൾക്കുണ്ടായ കനത്ത ആഘാതങ്ങൾ താങ്ങാനാകതെ സ്വയം പ്രവർത്തങ്ങൾ അവസാനിപ്പിച്ചത്. തങ്ങളുടെ കമ്പനി പിരിച്ചുവിടാൻ ട്രാവിസ് പുല്ലനെ ലിക്വിഡേറ്ററായി നിയമിച്ചുകൊണ്ട്, അവർ നിലവിലെ എല്ലാ ജോലികളുടെ ഉത്തരവാദത്തിങ്ങളും ലിക്വിഡേറ്ററിൽ നിക്ഷിപ്തമാക്കി.
ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം, ജൂലൈ 5 ന് നടന്ന അംഗങ്ങളുടെ പൊതുയോഗത്തിലാണ്- കമ്പനി അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
ക്ലീവ് ഹോംസിന്റെ വെബ്സൈറ്റും സോഷ്യൽ മീഡിയയിലെ പ്രൊഫൈലുകളും അപ്രത്യക്ഷമായി.
2006 മുതൽ പ്രവർത്തിക്കുന്ന കമ്പനി, മെൽബണിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ബീക്കൺസ്ഫീൽഡ് അപ്പർ ആസ്ഥാനമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. വിക്ടോറിയയിലുടനീളം “സങ്കീർണ്ണമായ, വാസ്തുവിദ്യാപരമായി രൂപകല്പന ചെയ്ത പുതിയ ഭവനങ്ങളും, പഴയവ വസതികളുടെ നവീകരണങ്ങളിലും/ കൂട്ടിച്ചേർക്കലുകളിലും” സ്പെഷ്യലൈസ് ചെയ്യുന്നതായി സ്വയം പരസ്യം ചെയ്തു കൊണ്ടാണ് തങ്ങളുടെ സംരംഭം നടത്തിപ്പോന്നത്. പ്രവർത്തന കാലയളവിൽ ഒട്ടേറെ നേട്ടങ്ങൾ അവർ സ്വന്തമാക്കിയിരുന്നുവെങ്കിലും ,കോവിഡിന് ശേഷമാണ് ശോഷണം സംഭവിച്ചത്.
യംഗ് മാസ്റ്റർ ബിൽഡർ ഓഫ് ദ ഇയർ, MBAV ബെസ്റ്റ് കസ്റ്റം ഹോം $800,000–$1,000,000, HIA സൗത്ത് ഈസ്റ്റ് വിക്ടോറിയ ബെസ്റ്റ് കസ്റ്റം ഹോം $500,000–$1,000,000 എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ക്ലീവ് ഹോംസിന് പോയ വർഷങ്ങളിൽ ലഭിച്ചിരുന്നു.
പോർട്ടർ ഡേവിസ്, പ്രോബിൽഡ്, എ1എ ഹോംസ് എന്നിവയുൾപ്പെടെ 2023-ൽ തകർന്ന മറ്റ് ഡസൻ കണക്കിന് ബിൽഡർമാരുടെ പാതയാണ് ക്ലീവ് ഹോംസ് പിന്തുടരുന്നത്.
ഓസ്ട്രേലിയൻ സെക്യൂരിറ്റി ആന്റ് ഇൻവെസ്റ്റ്മെന്റ് കമ്മീഷനിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2021 പകുതി മുതൽ നാളിതുവരെ മൊത്തം 2023 ഓസ്ട്രേലിയൻ ബിൽഡിംഗ് കമ്പനികൾ ലിക്വിഡേഷനിലേക്ക് പോയിട്ടുള്ളത്. നിലവിലെ വർഷവും, തകർന്ന ബിൽഡിങ് കമ്പനികളുടെ എണ്ണവും ഒരേ സംഖ്യ ആയത് ,നിരീക്ഷകരിൽ ആശ്ചര്യം ഉളവാക്കുന്നുണ്ട്.