ലണ്ടൻ : യു.കെയില്‍ താപനില ഉയരുകയാണ്. ജൂണ്‍ പത്തിന് ചൂട് 30 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ചൂടേറിയ ദിനമായിരുന്നു അത്.
യു.കെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളില്‍ താപനില ഉയരുന്നത് ആശങ്കാജനകമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അതിശക്തമായ ഉഷ്ണതരംഗം അതിനുദാഹരണമാണ്.
ഇത്തവണയും സ്ഥിതി ആവര്‍ത്തിച്ചേക്കുമോ എന്നാണ് ഭീതി. ശനിയാഴ്ച ലണ്ടനില്‍ അരങ്ങേറിയ ട്രൂപ്പിംഗ് ദ കളര്‍ റിഹേഴ്സലില്‍ ഇതിന്റെ പ്രതിഫലനം കാണാമായിരുന്നു. ജൂണ്‍ 17ന് ചാള്‍സ് മൂന്നാമൻ രാജാവിന്റെ ഔദ്യോഗിക ജന്മദിനാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള പരിശീലനങ്ങളായിരുന്നു ഇത്. നിരവധി ബ്രിട്ടീഷ് റോയല്‍ ഗാര്‍ഡുകളാണ് സൂര്യന്റെ പൊള്ളുന്ന ചൂടേറ്റ് പരിശീലനത്തിനിടെ കുഴഞ്ഞുവീണത്. ട്രൂപ്പിംഗ് ദ കളര്‍ പരിശീലനത്തിന്റെ അവസാന ഘട്ടത്തില്‍ മൂന്ന് റോയല്‍ ഗാര്‍ഡുകള്‍ കുഴഞ്ഞുവീണു.
കേണല്‍സ് റിവ്യൂ എന്നറിയപ്പെടുന്ന പരേഡ് റിഹേഴ്സലിനിടെ കുഴഞ്ഞുവീണതാകട്ടെ നിരവധി പേരാണ്. വെല്‍ഷ് ഗാര്‍ഡിന്റെ കേണല്‍ എന്ന നിലയില്‍ വില്യം രാജകുമാരൻ പരേഡ് പരിശോധിക്കാനെത്തിയിരുന്നു. ഇത്ര ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും തങ്ങളുടെ ജോലികള്‍ കൃത്യമായി ചെയ്ത റോയല്‍ ഗാര്‍ഡുകള്‍ക്ക് വില്യം നന്ദിയറിയിച്ചു.
അവരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഏകദേശം 1,400ഓളം ഗാര്‍ഡുകളാണ് പൊള്ളുന്ന വെയിലില്‍ പരിശീലനത്തിനായി മൈതാനത്ത് അണിനിരന്നത്. അതേ സമയം, ഇവര്‍ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത്രയും ചൂടേറിയ സമയത്ത് ഇവരെ പരിശീലിപ്പിക്കുന്നതിനോട് പലരും വിയോജിച്ചു.
രാജാവിന്റെ പിറന്നാള്‍ ആഘോഷത്തിന് ഗാര്ഡുകളയെും കുതിരകളെയും വെയിലത്തു നിറുത്തി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്ന വൻ തുക പാവപ്പെട്ടവര്‍ക്ക് നല്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും ചിലര്‍ പറയുന്നു.
നിലവില്‍ വിലക്കയറ്റം യു.കെയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ മേയില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണം നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാര്‍ ഗംഭീരമാക്കിയതില്‍ സാധാരണക്കാര്‍ക്കിടെയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.