മലയാള സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിലൊന്നാണ് ഓണം. ഒന്നിലധികം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ കൂട്ടംകൂട്ടമായി എത്തുന്ന കാലം. ഇത്തവണത്തെ ഓണം റിലീസുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കൈയടി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം. റിലീസ് ദിനത്തില്‍ പതിയെ തുടങ്ങി ഓരോ ദിവസം ചെല്ലുന്തോറും ബോക്സ് ഓഫീസില്‍ സംഖ്യകള്‍ കൂട്ടിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിങ്കളാഴ്ചത്തെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 12 വ്യാഴാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. കേരളത്തില്‍ ആദ്യ ദിനം ചിത്രം നേടിയത് 47 ലക്ഷം ആയിരുന്നു. എന്നാല്‍ ആദ്യ ദിനം മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ തുടര്‍ ദിനങ്ങളില്‍ ചിത്രം കളക്ഷന്‍ കാര്യമായി വര്‍ധിപ്പിച്ചു. രണ്ടാം ദിനം 65 ലക്ഷമാണ് നേടിയതെങ്കില്‍ ഉത്രാട ദിനത്തില്‍ 1.40 കോടിയും തിരുവോണ ദിനത്തില്‍ 1.85 കോടിയുമാണ് കേരളത്തിലെ നേട്ടം. എന്നാല്‍ തിങ്കളാഴ്ചത്തെ കളക്ഷനിലാണ് ചിത്രം ശരിക്കും വിസ്മയിപ്പിച്ചിരിക്കുന്നത്. 2.57 കോടിയാണ് ചിത്രം അഞ്ചാം ദിനമായ തിങ്കളാഴ്ച മാത്രം നേടിയിരിക്കുന്നത്.
സാധാരണ റിലീസ് ചിത്രങ്ങള്‍ക്ക് ആദ്യ ഡ്രോപ്പ് ഉണ്ടാവുന്ന ദിവസമാണ് തിങ്കളാഴ്ച. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ കാര്യത്തില്‍ ഡ്രോപ്പ് ഉണ്ടായില്ലെന്ന് മാത്രമല്ല, വലിയ വര്‍ധനവും ഉണ്ടായിരിക്കുകയാണ്. റിലീസ് ദിനത്തേക്കാള്‍ അഞ്ച് ഇരട്ടിയിലേറെ കളക്ഷനാണ് ചിത്രത്തിന് തിങ്കളാഴ്ച ലഭിച്ചിരിക്കുന്നത്. മലയാളത്തിലെന്നല്ല ഏത് ഭാഷാ സിനിമയിലും ഇത് അപൂര്‍വ്വ നേട്ടമാണ്. ഇതോടെ ആദ്യ അഞ്ച് ദിനങ്ങളില്‍ ചിത്രം നേടിയ കേരള കളക്ഷന്‍ 6.94 കോടിയില്‍ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ഓണ്‍ലൈന്‍ ബുക്കിംഗിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. വിജയരാഘവനും അപര്‍ണ ബാലമുരളിയുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.