ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായുള്ള റിപോര്‍ടുകള്‍ പുറത്ത്.
ഉറക്കമില്ലായ്മ അലട്ടുന്ന കിമ്മിന് മദ്യത്തോടും പുകയിലയോടും അമിതമായ ആസക്തിയാണെന്നും ദക്ഷിണ കൊറിയയിലെ ചാരസംഘത്തെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപോര്‍ട് ചെയ്തു.
ഉറക്കമില്ലായ്മ മറികടക്കാനുള്ള മരുന്നുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി ഉത്തര കൊറിയ വിദേശത്തുനിന്നു ‘തീവ്രമായി’ ശേഖരിക്കുന്നുണ്ടെന്നതുള്പെടെയുള്ള വിവരങ്ങള്‍ അവലോകനം ചെയ്താണ് ദേശീയ ഇന്റലിജന്‍സ് സര്‍വീസ് (NIS) റിപോര്‍ട തയാറാക്കിയത്. മള്‍ബറോ അടക്കമുള്ള സിഗരറ്റ് ബ്രാന്‍ഡുകളും കിമ്മിനു വേണ്ടി ധാരാളം ഇറക്കുമതി ചെയ്യുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നു.
മദ്യത്തോടൊപ്പം കഴിക്കാനുള്ള മുന്തിയ ലഘുഭക്ഷണങ്ങളുടെ ഇറക്കുമതിയും ഉത്തര കൊറിയയില്‍ വര്‍ധിച്ചതായി ദക്ഷിണ കൊറിയയിലെ ഭരണകക്ഷിയായ പീപിള്‍ പവര്‍ പാര്‍ടി ജനപ്രതിനിധിയും പാര്‍ലമെന്ററി ഇന്റലിജന്‍സ് കമിറ്റി എക്സിക്യുടിവ് സെക്രടറിയുമായ യൂ സാങ്ബമിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് സമീപകാല ചിത്രങ്ങളുടെ വിശകലനത്തില്‍, കിമ്മിന്റെ ശരീരഭാരം കൂടിയതായും കണ്ടെത്തി.
140 കിലോഗ്രാമിലേറെയാണ് ഇപ്പോള്‍ കിമ്മിന്റെ ഭാരമെന്ന് യൂ സാങ് വ്യക്തമാക്കി. മേയ് 16ന് നടന്ന പൊതുചടങ്ങില്‍ പങ്കെടുത്ത കിം ക്ഷീണിതനായി കാണപ്പെട്ടിരുന്നു. കണ്ണിനു ചുറ്റും കറുത്ത പാടുകളുണ്ട്. ഉറക്കമില്ലായ്മയുടെ അസ്വസ്ഥതകളും പ്രകടമാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. യുഎസ് – ദക്ഷിണ കൊറിയ സൈനിക നീക്കങ്ങളെ നിരീക്ഷിക്കാനായി ആദ്യ ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെട്ടിരുന്നു.