വാഷിങ്ടണ്‍: ഇന്ത്യൻ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കം ഇന്ത്യൻ നയതന്ത്ര പ്രതിനിധികള്‍ക്കെതിരായ പ്രസ്താവനക്കും ഇന്ത്യൻ കോണ്‍സുലേറ്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും എതിരെ രൂക്ഷ പ്രതികരണവുമായി യു.എസ് കോണ്‍ഗ്രസ് പ്രതിനിധികള്‍.ശ്രീ താനേദാര്‍, റിച്ച് മക്കോര്‍മിക്, ബ്രയാൻ ഫിറ്റ്സ്പാട്രിക് എന്നിവരാണ് പരസ്യ പ്രതിഷേധം അറിയിച്ചത്. ഖലിസ്താൻവാദികളുടേത് രാജ്യത്ത് ഭീകരത വളര്‍ത്താനുള്ള ശ്രമമെന്നാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ പ്രതികരണം.
ഇന്ത്യൻ കോണ്‍സുലേറ്റിന് നേരെയുള്ള ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും അക്രമവും ഭീകരത വളര്‍ത്താനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും ശ്രീ താനേദാര്‍ ട്വീറ്റ് ചെയ്തു.
ആക്രമണം നീചവും അസ്വീകാര്യവുമാണെന്ന് റിച്ച് മക്കോര്‍മിക് പ്രതികരിച്ചു. അമേരിക്കക്കാര്‍ തങ്ങളുടെ സഖ്യകക്ഷികള്‍ക്കും ദേശസ്നേഹികളായ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനും ഒപ്പം നില്‍ക്കുമെന്നും മക്കോര്‍മിക് ട്വീറ്റ് ചെയ്തു.
അക്രമം നിയമവിരുദ്ധമാണ്, അംഗീകരിക്കാനാവില്ല. ഇന്ത്യൻ കോണ്‍സുലേറ്റിന് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ബ്രയാൻ ഫിറ്റ്സ്പാട്രിക് ആവശ്യപ്പെട്ടു.ജൂലൈ രണ്ടിനാണ് ഖലിസ്താൻവാദികളുടെ ഒരു സംഘം സാൻഫ്രാൻസിസ്കോയില്‍ ഇന്ത്യൻ കോണ്‍സുലേറ്റിന് തീയിടാൻ ശ്രമിച്ചത്. അഗ്നിശമനസേനയുടെ സമയോജിതമായ ഇടപെടലിലൂടെ തീ അണച്ചത് വൻ അപകടം ഒഴിവായി. കോണ്‍സുലേറ്റിന് കാര്യമായ നാശനഷ്ടമോ ജീവനക്കാര്‍ക്ക് പരിക്കോ സംഭവിച്ചില്ല.
ഇന്ത്യൻ കോണ്‍സുലേറ്റ് ആക്രമണത്തെ യു.എസ് ശക്തമായാണ് അപലപിച്ചത്. യു.എസിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കോ വിദേശ നയതന്ത്രജ്ഞര്‍ക്കോ നേരെയുള്ള അക്രമണം ക്രിമിനല്‍ കുറ്റമാണെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കിയിരുന്നു.സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യൻ സര്‍ക്കാരും ഇന്ത്യ-യു.എസ് സമൂഹവും ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.