ഒന്റാരിയോ: കനേഡിയൻ പൗരന്മാർ രാജ്യം വിട്ട് പോകണമെന്ന് കാനഡയില്‍ നടത്തിയ റാലിയില്‍ ആക്രോശിച്ച് ഖാലിസ്ഥാൻ ഭീകരർ.കനേഡിയൻ പൗരന്മാർ അക്രമകാരികളാണെന്നും, അവർ ഇംഗ്ലണ്ടിലേക്കും യൂറോപ്പിലേക്കും മടങ്ങി പോകണം എന്നുമാണ് ഖാലിസ്ഥാൻ ഭീകരവാദികള്‍ ഭീഷണി മുഴക്കുന്നത്. കാനഡയുടെ യഥാർത്ഥ അവകാശികള്‍ തങ്ങളാണെന്നും അതില്‍ വെള്ളക്കാർക്ക് അധികാരമില്ലെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. കാനഡയില്‍ നടത്തിയ റാലിയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
” ഇത് കാനഡയാണ്, ഞങ്ങളുടെ സ്വന്തം രാജ്യമാണിത്. കാനഡയിലുള്ള വെള്ളക്കാർ യൂറോപ്പിലേക്കും ഇംഗ്ലണ്ടിലേക്കും ഇസ്രായേലിലേക്കും തിരികെ പോകണം. നിങ്ങള്‍ അതിക്രമിച്ച് കയറിയവരാണ്. ഞങ്ങളുടെ രാജ്യം വിട്ട് വെള്ളക്കാർ പോകണമെന്നും” ജാഥയില്‍ പങ്കെടുക്കുന്ന ഖാലിസ്ഥാൻവാദികള്‍ ആക്രോശിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലാണ് ഈ ജാഥ നടന്നത്. ഖാലിസ്ഥാനികള്‍ക്ക് വലിയ രീതിയില്‍ സ്വാധീനമുള്ള മേഖലയാണിത്.
അടുത്തിടെ കാനഡയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ ലോകത്തിന്റെ പല കോണുകളില്‍ നിന്നും വിമർശനം ഉയർന്നികുന്നു. ഇതിന് പിന്നാലെ ഖാലിസ്ഥാനെ പിന്തുണയ്‌ക്കുന്ന നിരവധി ആളുകള്‍ കാനഡയിലുണ്ടെങ്കിലും അവർ എല്ലാവരും സിഖ് സമൂഹത്തെ പ്രതിനിധീകരിക്കുന്നവരല്ലെന്നും കനേഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധ റാലി നടന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജസ്റ്റിൻ ട്രൂഡോ വലിയ രീതിയില്‍ ഖാലിസ്ഥാൻ പ്രീണനനയം സ്വീകരിച്ചിരുന്നു. ഒടുവില്‍ ഇത് കാനഡയ്‌ക്ക് തന്നെ തിരിച്ചടിയായി മാറുന്ന സ്ഥിതിയാണുള്ളത്. ഇന്ത്യയുടെ ഉന്നത നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ ഉള്‍പ്പെടെ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ ഈ ആരോപണങ്ങളിന്മേല്‍ തെളിവുകള്‍ ഇല്ലെന്ന് ട്രൂഡോ തുറന്ന് പറയുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നാണ് ട്രൂഡോയുടെ വാദം.