കാലിഫോര്‍ണിയ: യുഎസിലെ ഗുരുദ്വാര സന്ദര്‍ശിച്ച ഇന്ത്യൻ അംബാസിഡറെ തടഞ്ഞ് ഖലിസ്ഥാനി പ്രതിഷേധക്കാര്‍. തരണ്‍ജിത് സിംഗ് സന്ധുവിനെതിരെയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
ഗുര്‍പുരാബ് ദിനത്തോടനുബന്ധിച്ച് ലോംഗ് ഐലൻഡിലെ ഹിക്സ്വില്ലെ ഗുരുദ്വാര സന്ദര്‍ശിച്ച സന്ധുവിനെ പ്രതിഷേധക്കാര്‍ വളയുകയും അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തുകയുമായിരുന്നു.
ഖാലിസ്ഥാനി ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിനേയും ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് മറുപടി നല്‍കാത്തതെന്ന് സന്ധുവിനോട് പ്രതിഷേധക്കാര്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
അതേസമയം ഗുരുദ്വാര സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് തരണ്‍ ജിത്ത് സന്ധു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍ പ്രതിഷേധത്തെ കുറിച്ചൊന്നും പോസ്റ്റില്‍ പ്രതിപാദിച്ചിട്ടില്ല.
ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ യുഎസ്- കാനഡ അതിര്‍ത്തിയിലെ സറെ നഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് ഹര്‍ദീപ്. നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കൊലയ്ക്ക് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡ ആരോപിച്ചത്.