മെൽബൺ: ഓസ്ട്രേലിയയിൽ നിന്നുള്ള എം പി മാരുടെ പ്രതിനിധി സംഘത്തിന്റെ കേരള സന്ദർശനം വൻ വിജയമായതായി അംഗങ്ങൾ പ്രതികരിച്ചു. കേരള ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസുമായി തിരുവനന്തപുരത്തുവെച്ച് കൂടിക്കാഴ്ച നടത്തിയ സംഘത്തെ നയിച്ചത് വിക്ടോറിയൻ ഗവണ്മെന്റ് വിപ്പായ Mr. Lee Tarlamis, MP യും ഡെപ്യൂട്ടി സ്പീക്കറായ Mr. Matt Fregon, MP യുമാണ്. കൂടാതെ Mr. Meng Heang Tak, MP, Mr. Dylan James, MP, മുൻ മെൽബൺ മലയാളി അസോസിയേഷൻ സെക്രട്ടറി Mr. ഫിന്നി മാത്യു, മെൽബൺ ഓം സായി ടെമ്പിൾ പ്രതിനിധി Mr. അനിൽ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മുഹമ്മദ് റിയാസുമായുള്ള കൂടിക്കാഴ്ചയിൽ ടൂറിസം രംഗത്ത് ഇരു സംസ്ഥാനങ്ങൾക്കും നടപ്പിലാക്കാൻ കഴിയുന്ന വിവിധ പദ്ധതികളെക്കുറിച്ച് സംഘം ചർച്ച നടത്തി. കൂടാതെ മെൽബണിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളെടുക്കുന്നതിനെക്കുറിച്ചും മെൽബണിലേക്ക് കേരളത്തിൽ നിന്നുള്ള നഴ്സുമാരെ ആകർഷിക്കുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. 2026-ൽ മെൽബണിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ കായിക രംഗത്ത് ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന്റെ ശക്തമായ പ്രാധിനിത്യം പ്രതീക്ഷിക്കുന്നതായി വിക്ടോറിയൻ എം പി മാർ അറിയിച്ചു.
മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ഫിഷറീസ് & ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി ശ്രീ K S Srinivas IAS മായി ചർച്ച നടത്തി. നിയമവും ബില്ലുകളും നിയമസഭയിൽ എങ്ങനെ നടപ്പാക്കുന്നു എന്നത് സ്പെഷ്യൽ ലോ സെക്രട്ടറി ശ്രീ Sadique MA വിവരിച്ചു. കൂടാതെ വിക്ടോറിയൻ പ്രതിനിധികൾക്കായി കേരള സർക്കാർ നിയമസഭയിൽ ഒരു പ്രത്യേക പര്യടനം ഏർപ്പാട് ചെയ്യുകയും നിയമസഭയുടെ പ്രവർത്തന രീതികൾ വിവരിക്കുകയും ചെയ്തു. പദ്മനാഭ സ്വാമി ക്ഷേത്രവും കോവളവും സന്ദർശിച്ചതിനു ശേഷമാണു സംഘം മെല്ബണിലെക്ക് തിരിച്ചത്.