തിരുവനന്തപുരം: കേരളത്തിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ക്ക് ആക്കം കൂട്ടി സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന 55-ാമത് വേള്‍ഡ് ഇക്കണോമിക് ഫോറം(ഡബ്ല്യുഇഎഫ്). ഫോറത്തില്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കേരള പ്രതിനിധി സംഘത്തിന്റെ വിജയകരമായ ഇടപെടല്‍ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് ഗുണകരമായേക്കും. സംസ്ഥാനത്തെ ഭാവി വ്യവസായ നിക്ഷേപ സാധ്യതയ്ക്കും ഇത് കരുത്ത് പകരും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യവസായ മേഖലയില്‍ സംസ്ഥാനം കൈവരിച്ച മുന്നേറ്റങ്ങള്‍ ഫോറത്തിലെ ചര്‍ച്ചകളില്‍ കേരള പ്രതിനിധി സംഘം എടുത്തുകാട്ടി. ബിസിനസ് പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, ആസൂത്രകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി കേരള സംഘം ആശയവിനിമയം നടത്തി. എ ബി ഇന്‍ബെവ്, ഗ്രീന്‍കോ, ഹിറ്റാച്ചി, ടിവിഎസ് ലോജിസ്റ്റിക്സ്, ജൂബിലന്റ്, ഭാരത് ഫോര്‍ജ്, എച്ച്സിഎല്‍, സിഫി, വെല്‍സ്പണ്‍, ഇന്‍ഫോസിസ്, വാരി, സുഹാന സ്പൈസസ് ഉള്‍പ്പെടെ 70 ഓളം കമ്പനി പ്രതിനിധികളോടും വ്യവസായ പ്രമുഖരോടും പി. രാജീവ് വണ്‍ ടു വണ്‍ ചര്‍ച്ച നടത്തി.
സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട് പുരോഗതി കൈവരിക്കുന്ന കേരളത്തിന്റെ വ്യവസായ മാതൃക പ്രശംസ നേടി. വളര്‍ച്ചയും സാമൂഹിക പുരോഗതിയും സന്തുലിതമാക്കുന്ന നയങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഗോള പങ്കാളികളില്‍ നിന്നും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ നിന്നുമാണ് കേരളം അഭിനന്ദനം നേടിയത്. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ജനങ്ങളെ പിന്തുണച്ചുകൊണ്ടും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമുള്ള വ്യവസായ മാതൃകയ്ക്ക് ഊന്നല്‍ നല്‍കുന്നതും ശ്രദ്ധിക്കപ്പെട്ടു.
‘വി ആര് ചേഞ്ചിങ് ദ നേച്വര്‍ ഓഫ് ബിസിനസ്’ എന്ന പ്രമേയം ഉള്‍ക്കൊള്ളുന്ന ഡബ്ല്യുഇഎഫിലെ ഇന്ത്യ പവലിയന്റെ ഭാഗമായി സജ്ജീകരിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് പവലിയന് ആദ്യ ദിവസം മുതല്‍ സന്ദര്‍ശകരെയും നിക്ഷേപകരെയും ആകര്‍ഷിച്ചു. സര്‍ക്കാരിന്റെ പുതിയ വ്യാവസായിക നയത്തില്‍ നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് കേരളത്തിന്റെ നിക്ഷേപ മേഖലയില്‍ വലിയ സ്വാധീനം ചെലുത്തും. ആദ്യമായാണ് ഡബ്ല്യുഇഎഫില്‍ കേരളം പവലിയന് ഒരുക്കിയത്. സൗദി അറേബ്യ, ബഹറിന്‍, സ്വിറ്റ്സര്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരുമായി മന്ത്രി പി. രാജീവ് കേരള പവലിയനില്‍ ചര്‍ച്ച നടത്തി. കേന്ദ്ര മന്ത്രിമാര്‍ക്കും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ക്കുമൊപ്പം പാനല്‍ ചര്‍ച്ചകളിലും സംയുക്ത വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
ഡബ്ല്യുഇഎഫില്‍ കേരളം ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചുവെന്ന് പി. രാജീവ് പറഞ്ഞു. സുപ്രധാന നിക്ഷേപ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് നടത്തിയ നയ സംരംഭങ്ങളും പരിഷ്കാരങ്ങളും ദാവോസില്‍ ഫലപ്രദമായി പ്രദര്‍ശിപ്പിച്ചു. കൂടാതെ കേരളത്തിന്റെ വ്യവസായ മേഖലയെ കുറിച്ചുള്ള മുന്‍വിധികളും അനുമാനങ്ങളും മാറ്റുന്നതിലും സമ്മേളനം നിര്‍ണായകമായി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഒന്നാമെത്തിയ കേരളത്തിന്റെ നേട്ടത്തെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അഭിനന്ദിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ സംസ്ഥാനം എന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡബ്ല്യുഇഎഫിലെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. കേരളീയര്‍ ലോകമെമ്പാടും തൊഴിലെടുക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. അതുവഴി നേരിട്ടുള്ള വിദേശ നിക്ഷേപം പരമാവധി കേരളത്തിലേക്ക് എത്തുന്നുവെന്നും നായിഡു ചൂണ്ടിക്കാട്ടി.
നാല് പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത കേരള പ്രതിനിധി സംഘാംഗങ്ങള്‍ സംസ്ഥാനത്തിന്റെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെയും ഇ-ഗവേണന്‍സ് ഭരണതലത്തില്‍ വരുത്തിയ ഗുണപരമായ മാറ്റങ്ങളും വിശദീകരിച്ചു. ഐടി, സ്പേസ് ടെക്, മെഡിക്കല്‍ ഡിവൈസ്, ഹെല്‍ത്ത് കെയര്‍, മാരിടൈം, ടൂറിസം, സ്റ്റാര്‍ട്ടപ്പുകള്‍, ഭക്ഷ്യസംസ്കരണം, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്ന സംസ്കരണം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും എംഎസ്എംഇ മേഖലയില്‍ സംസ്ഥാനം വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ദി ഡിജിറ്റല്‍ ഡിവിഡന്റ് എന്ന വിഷയത്തില്‍ സിഐഐയും കെപിഎംജിയും ചേര്‍ന്ന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ പ്രാഥമിക അവകാശം പോലെ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി രാജീവ് പറഞ്ഞു.
കേരള പ്രതിനിധി സംഘത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന് ആര് എന്നിവരും സംഘത്തിലുണ്ട്. സിഐഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനോദ് മഞ്ഞിലയും കേരള സംഘത്തോടൊപ്പമുണ്ട്.