തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെൻ്റീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടർ 15 സെൻ്റീമീറ്ററും രണ്ടാമത്തം ഷട്ടർ 90 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കൊല്ലത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും കുട്ടനാട് താലൂക്കിലും ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എം ജി, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമാണ്. ഇടുക്കിയിലും കണ്ണൂരിലും രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
പത്തനംതിട്ട ജില്ലയിൽ മഴ തുടരുന്നു. റാന്നി, മല്ലപ്പള്ളി താലൂക്കുകളിലാണ് കൂടുതൽ മഴ. പമ്പ, മണിമല ആറുകളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു.വെണ്ണിക്കുളം മേഖലയിൽ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. മലപ്പുറം നിലമ്പൂരിൽ മുത്തശ്ശിയേയും പേരക്കുട്ടിയേയും പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി. അമരമ്പലം സ്വദേശികളായ സുശീല, അനുശ്രീ എന്നിവരെയാണ് കാണാതായത്. പുലർച്ചെ മൂന്ന് മണിയോടെയാണ്
അമ്പലത്തിൽ ബലിയിടാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. കോട്ടയത്ത് മലയോര മേഖലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും ജലനിരപ്പ് ഉയർന്നു. പലസ്ഥലങ്ങളിലും മണിമലയാർ കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുമുണ്ട്. മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കഴിഞ്ഞ മഴക്കാലത്ത് മേഖസ്ഫോടനത്തിന് സമാനമായ വൻ മഴയുണ്ടായ മലയോര മേഖലയായ കൂട്ടിയ്ക്കലിലടക്കം കനത്ത ജാഗ്രത തുടരുകയാണ്.
ഇടുക്കിയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ ജാഗ്രത തുടരുകയാണ്. കോഴിക്കോട് കനത്ത മഴയും കടലാക്രമണവും തുടരുകയാണ്. വാക്കടവ്, കപ്പലങ്ങാടി, കടുക്കബസാർ മേഖലകളിലാണ് കടലാക്രമണവും രൂക്ഷം. നൂറിലധികം വീടുകളിൽ വെള്ളം കയറി. 71 മി.മി. മഴയാണ് ഇന്നലെ ജില്ലയിൽ പെയ്തിറങ്ങിയത്. എറണാകുളം ജില്ലയിൽ രാത്രി വിട്ടുനിന്ന മഴ പുലർച്ചയോടെ ശക്തിയായി. പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ടിന് ശമനമായിട്ടില്ല. നായരമ്പലം, വെളിയെത്താംപറമ്പ് മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. തൃശ്ശൂർ പീച്ചി ഡാം റോഡിൽ മരം വീണു.ഫയർ ഫോഴ്സെത്തി മരം മുറിച്ചുമാറ്റുന്നു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പറപ്പൂർ-ചാലയ്ക്കൽ റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.