തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ നിധിബോർഡിൽ വൻ തട്ടിപ്പ്. അംശാദായം മുടങ്ങിയ അക്കൗണ്ടുകൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റിയാണ് ലക്ഷങ്ങളുടെ ക്രമക്കേട്. ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നുള്ള ഒത്തുകളിയിൽ സർക്കാരിന് ലക്ഷങ്ങളാണ് നഷ്ടം സംഭവിക്കുന്നത്. ആറ്റിങ്ങൽ സ്വദേശിയായ സുരേഷ് ബാബു 2009 ജൂണ്‍ 18 നാണ് ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കുന്നത്. നാല് അടവിന് ശേഷം രോഗം ബാധിച്ച സുരേഷ് ബാബു പിന്നെ പണമടച്ചില്ല. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് സുരേഷ് ബാബു മരിച്ചു. ഭർത്താവ് അടച്ച തുകയെങ്കിലും തിരികെ കിട്ടണമെന്ന അപേക്ഷയുമായി ഭാര്യ പത്മലത ഒക്ടോബർ 28 ന് ക്ഷേമനിധി ബോർഡിൽ അപേക്ഷ നൽകി,
1020000274 എന്ന നമ്പറിലാണ് സുരേഷ് ബാബു അംഗത്വമെടുത്തത്. അടച്ച തുക തിരികെ വേണമെന്ന പത്മപ്രഭയുടെ അപേക്ഷ പ്രകാരം ക്ഷേമ നിധി ബോർഡിൽ സിഇഒ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. സുരേഷ് ബാബുവിന്റെ പെൻഷൻ അക്കൗണ്ട് ഇപ്പോൾ പത്തനംതിട്ട സ്വദേശിയായ ജോസഫ് എന്നയാളുടെ പേരിലാണ്. കഴിഞ്ഞ വർഷം ജൂലൈ മുതൽ 4235 രൂപ പ്രതിമാസം ജോസഫ് പെൻഷൻ വാങ്ങുന്നുണ്ട്. സുരേഷ് ബാബുവിന്റെ അക്കൗണ്ടിൽ വ്യാപകമായി തിരുത്തൽ വരുത്തിയാണ് ജോസഫിന് പെൻഷൻ നൽകിയതെന്നാണ് കണ്ടത്തൽ. അവിടെയും തീർന്നില്ല തട്ടിപ്പ്. സുരേഷ് ബാബുവിന്റെ മുടങ്ങി കിടന്ന അക്കൗണ്ടിന്റെ കുടിശിക അടച്ചതായി സോഫ്റ്റുവയറിലെ രേഖകളിലുണ്ട്. പക്ഷേ ഈ പണം അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. തനിക്കും അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും ഒരു ഏജന്റ് പറഞ്ഞതനുസരിച്ചാണ് കുടിശ്ശിക അടച്ചതെന്നാണ് ജോസഫിന്റെ വാദം.അതായത് ആൾമാറാട്ടം നടത്തി പെൻഷൻ മറ്റൊരാൾക്ക് നൽകുന്നു. അടയ്ക്കേണ്ട കുടിശ്ശിക അക്കൗണ്ടിലേക്കെത്തുന്നുമില്ല. നോർക്ക ഓഫീസിലെ ജീവനക്കാർക്കും ഏജന്റ് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ഒരു സുരേഷ് ബാബുവിന്റെ മാത്രം പ്രശ്നമല്ല. പ്രവാസി പെൻഷനിൽ വ്യാപക ക്രമക്കേടുണ്ടെന്നാണ് പ്രവാസി ക്ഷേമ നിധി ബോർഡ് സി ഇ ഒ രാധാകൃഷ്ണൻ നൽകിയ പരാതിയിൽ കെൽട്രോണിന്റെയും പിന്നെ പൊലീസിന്റെ രഹസ്യാന്വേഷണത്തിലെയും കണ്ടെത്തൽ. അന്യനാട്ടിൽ കഷ്ടപ്പെട്ട് പണിയെടുത്ത് നാട്ടിലെത്തി വിശ്രമിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി തുടങ്ങിയ പെൻഷൻ പദ്ധതിയിലാണ് അട്ടിമറി. സർക്കാരിനാകട്ടെ വൻ നഷ്ടവും മുഖ്യമന്ത്രി കീഴിലുള്ള വകുപ്പിലെ ക്രമക്കേടിൽ വേണ്ടത് സമഗ്ര അന്വേഷണമാണ്.