തിരുവനന്തപുരം: സംസ്ഥാനം വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കുന്നു. ടെണ്ടർ വിളിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ബെറ്റ് ലീസ് വ്യവസ്ഥയിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തിരുന്നത്. കഴിഞ്ഞ ജനുവരിയിലും ഹെലികോപ്റ്ററിനായി ടെണ്ടർ വിളിച്ചിരുന്നു. അന്ന് ചിപ്പ്സൻ എയർവേഴ്സ് എന്ന കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. എന്നാൽ രാഷ്ട്രീയ വിവാദവും സാമ്പത്തിക പ്രതിസന്ധിയും കാരണം കരാർ ഉറപ്പിച്ചിരുന്നില്ല. ഇപ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല.
മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ക്കെന്ന പേരിലാണ് സർക്കാർ ആദ്യം ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്. പൊലിസിന്റെ ഫണ്ടുപയോഗിച്ചായിരുന്നു വാടക. പവൻ ഹൻസ് എന്ന കമ്പനിയുമായാണ് 2020 ഏപ്രിൽ 10ന് കരാർ ഉറപ്പിച്ചത്. ഹെലികോപ്റ്റർ വാടകക്കെടുപ്പ് തുടക്കം മുതൽ വിവാദമായെങ്കിലും സർക്കാർ മുന്നോട്ടു പോവുകയായിരുന്നു. മാവോയിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രകൃതി ദുരന്തങ്ങളിൽ സഹായമെത്തിക്കാനോ കഴിയാത്ത ഹെലികോപ്റ്റർ ആകെ പറന്നത് 10 പ്രാവശ്യത്തിൽ താഴെ മാത്രമായിരുന്നു. 22.21 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും നഷ്ടമായത്.
വിവാദങ്ങൾക്കിടെ കഴിഞ്ഞ വർഷം ജനുവരിയിൽ വീണ്ടും ടെണ്ടർ വിളിച്ചു. ചിപ്പസണ്‍ എയർ വേയ്സ് എന്ന കമ്പനിയായിരുന്നു ഏറ്റവും കുറഞ്ഞ തുക ടെണ്ടർ നൽകിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപറ്റർ വാടക്കെടുക്കുന്നത് വിവാദമായതോടെ കരാർ ഉറപ്പിച്ചില്ല. ബാങ്ക് ഗ്യാരറ്റിയായി ചിപ്പ്സണിൽ നിന്നും വാങ്ങിയ പണം സർക്കാർ ഇതേവരെ തിരിച്ചു നൽകിയിട്ടുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ട്രഷറികളിൽ നിയന്ത്രണമുണ്ട്. മുണ്ടു മുറുക്കിയുടുക്കണമെന്ന് ധനമന്ത്രി പറയുമ്പോഴാണ് വീണ്ടും ഹെലികോപ്റ്റർ വാടക. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ നടക്കാത്തതിനാൽ, ഇനി എന്തുകാരണം പറഞ്ഞാകും ഹെലികോപറ്റർ വാടക്കെടുത്തതെന്നാണ് അറിയേണ്ടത്.