കാൻബറ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവാസി മലയാളിയുടെ മരണത്തിൽ കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരള കോൺഗ്രസ് (എം) ഓസ്ട്രേലിയ. ഓസ്ട്രേലിയയിൽ നഴ്സായിരുന്ന കോതമംഗലം സ്വദേശി അഭിഷേകിനുണ്ടായ ദുരവസ്ഥ ഒരു പ്രവാസിക്കുപോലും ഉണ്ടാകാൻ പാടില്ലെന്ന് പ്രവാസി കേരള കോൺഗ്രസ് ആവശ്യപ്പട്ടു. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ എന്നിവർ മുഖേന വിമാനത്താവള അധികൃതർക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകിയതായി പ്രവാസി കേരള കോൺഗ്രസ് നാഷനൽ പ്രസിഡന്റ് ജിജോ കുഴികുളം, സിജോ ഈന്തനാംകുഴി, ജിൻസ് ജയിംസ് എന്നിവർ അറിയിച്ചു.
ഓസ്ട്രേലിയയിലേക്കു മടങ്ങവേ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണു അഭിഷേകിന് ഹൃദയാഘാതം ഉണ്ടായത്. പ്രവേശനകവാടത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ചായിരുന്നു സംഭവം. എന്നിട്ടും അടിയന്തര പരിചരണം ലഭിക്കുന്നതിൽ വീഴ്ചയുണ്ടായി. ആംബുലൻസ് ലഭിക്കാൻ വൈകിയെന്നും പ്രവാസി കേരള കോൺഗ്രസ് പറഞ്ഞു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണു അഭിഷേക് മരിച്ചത്. കെയിൽസിലെ മലയാളി അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു അഭിഷേക്. ഭാര്യ ജോസ്ന ക്യൂൻസ്ലാന്റിൽ നഴ്സാണ്. ഹെയ്സൽ (4), ഹെയ്ഡൻ (1) എന്നിവർ മക്കളാണ്.