കോഴിക്കോട്: ഹീറോ സൂപ്പർ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുറത്ത്. ബെംഗളൂരു എഫ്സിയോട് ഐഎസ്എല്‍ പ്ലേ ഓഫിലെ നാടകീയാന്ത്യത്തിന് സൂപ്പർ കപ്പില്‍ പകരംവീട്ടാന്‍ കോഴിക്കോട് കോർപ്പറേഷന് സ്റ്റേഡിയത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിർണായക ഗ്രൂപ്പ് മത്സരത്തില്‍ 1-1ന്റെ സമനില വഴങ്ങിയതോടെയാണിത്. അതേസമയം സമനിലയോടെ ബെംഗളൂരു സൂപ്പർ കപ്പിന്റെ സെമിയിലേക്ക് ചേക്കേറി.
കോഴിക്കോട് കോർപ്പറേഷന് സ്റ്റേഡിയത്തില്‍ മത്സരത്തിന് കിക്കോഫായി ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് പിന്നിലായിരുന്നു. ഇരുപത്തിനാലാം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഗോളിൽ ബിഎഫ്സി ലീഡ് നേടി. 77-ാം മിനുട്ടിൽ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഹെഡറിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെങ്കിലും സെമിയിലേക്ക് കടക്കാൻ ജയം അനിവാര്യമായിരുന്ന മഞ്ഞപ്പടയ്ക്ക് വിജയ ഗോൾ നേടാൻ കഴിഞ്ഞില്ല. ബിഎഫ്സിയോട് ബ്ലാസ്റ്റേഴ്സ് പകതീർക്കുന്നത് നേരില്‍ കാണാന്‍ കൊതിച്ച് തടിച്ചുകൂടിയ മഞ്ഞപ്പട ആരാധകർക്ക് നിരാശയായി ഫലം. ഗ്രൂപ്പിലെ മറ്റൊരു നിർണ്ണായക മത്സരത്തിൽ ശ്രീനിധി ഡെക്കാന്‍ തോൽവി വഴങ്ങിയതോടെ സമനില പോയിന്റുമായി ബെംഗളൂരു എഫ്സി സെമിയിലെത്തി.