മെൽബൺ : മലയാളത്തിലെ ഏറ്റവും പുതിയ ‘ക്ളാസിക് ‘ഹിറ്റ് ആയി വിലയിരുത്തപ്പെടുന്ന കാതൽ ദ കോർ ഡിസംബർ ഏഴിനു ആസ്ട്രേലിയയിൽ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകൾ കൈവരിച്ച വമ്പൻ വിജയങ്ങൾ കാതലിനും വിദേശ രാജ്യങ്ങളിൽ പ്രിയം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. മമ്മൂട്ടി യും ജ്യോതികയും പ്രധാന കഥാപത്രങ്ങളിൽ എത്തുന്ന ജിയോ ബേബി ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്. കുടുംബപ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത കാതലിന്റെ ആസ്ട്രേലിയൻ വിതരണ അവകാശം വൻ തുകയ്ക്കാണ് ബിഗ് ബഡ്ജറ്റ് ഹിന്ദി തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേൺ സ്റ്റാർ സ്വന്തമാക്കിയത് എന്ന് അറിയുന്നു.
സമീപ കാല മമ്മൂട്ടി ചിത്രങ്ങൾ ആസ്ട്രേലിയൻ ബോക്സ് ഓഫീസിൽ കൈവരിച്ച സാമ്പത്തിക വിജയം തന്നെയാണ് മലയാളസിനിമ വിതരണം ചെയ്യാൻ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് സതേൺ സ്റ്റാർ ഡയറക്ടർ അശ്വിൻ പറഞ്ഞു.
അതേസമയം ഡിസംബർ ഏഴാം തിയതി ആസ്ട്രേലിയയിലെ അങ്ങോളമിങ്ങോളമുള്ള ഇരുപത്തിയഞ്ച് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്ന ചിത്രം തൊട്ടടുത്ത ആഴ്ച കൂടുതൽ തിയേറ്ററുകളിൽകൂടി പ്രദർശനത്തിനു എത്തും. ന്യൂസിലാണ്ടിലും ഡിസംബർ 14 ന് ചിത്രം വ്യാപകമായി റിലീസ് ചെയ്യും.
അതേ സമയം ഫാൻസ് ഷോ ഉൾപ്പെടെയുള്ള വമ്പൻ സ്വീകരണമാണ് ആസ്ട്രേലിയയിലെ മമ്മൂട്ടി ആരാധകർ കാതലിനെ സ്വീകരിക്കാനായി ഒരുക്കുന്നത്.
മെൽബണും ഗോൾഡ് കോസ്റ്റും സിഡ്നിയും ഉൾപ്പെടെ അഞ്ചു സെന്ററുകളിൽ ഫാൻസ് ഷോകൾ നടത്തുമെന്നു മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു.