ബാകു(അസര്ബൈജാന്): ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടം ചന്ദ്രയാന്‍ മൂന്നിലൂടെ രാജ്യം സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ചരിത്രനേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കായിക പ്രേമികള്‍. ഫിഡെ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയുടെ കിരീടധാരണത്തിന്. ഫൈനലില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനുമായുള്ള ആദ്യ രണ്ട് മത്സരങ്ങളും സമനിലയായതോടെ ഇന്ന് നടക്കുന്ന ടൈ ബ്രേക്കറാണ് വിശ്വവിജയിയെ തീരുമാനിക്കുക.ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് ടൈ ബ്രേക്കർ മത്സരം തുടങ്ങുക. ചെസിലെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ശക്തനായ കാൾസന് മേൽക്കൈ ഉണ്ടെങ്കിലും, ടൈബ്രേക്കറിലെ 25ഉം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ 2 റൗണ്ടുകളിലാണ് പ്രഗ്നാനന്ദയ്ക്കും സാധ്യയുണ്ടെന്നാണ് പരിശീലകന് ആര് ബി രമേശിന്റെ വിശ്വാസം
റാപ്പിഡ് ടൈബ്രേക്കറിൽ മത്സരം അവസാനിപ്പിക്കാനായാൽ പ്രഗ്നാനന്ദയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ താരത്തിന്റെ പരിശീലകൻ ആര് ബി രമേശ് പറഞ്ഞു. കാൾസനും പ്രഗ്നാനന്ദയും ഒരുപോലെ ക്ഷീണിതരാണെന്നും രമേശ് റുമേനിയയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.