മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവകയിലെ ഏറ്റവും നല്ല കൃഷിക്കാരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി, ഇടവകതലത്തിൽ സംഘടിപ്പിച്ച “ക്നാനായ കർഷകശ്രീ മൽസരം” വിജയികളെ പ്രഖ്യാപിച്ചു.
ആവേശം വാനോളമുയർത്തിയ കർഷകശ്രീ മത്സരത്തിൽ, സജിമോൻ & അജിമോൾ വയലുങ്കൽ ഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമോൻ & ജയ കുഴിപ്പിള്ളിൽ ഫാമിലി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജെയിംസ് & ഷൈനി മണിമല ഫാമിലിയും, ലിൻസ് & ഷെറിൻ മണ്ണാർമറ്റത്തിൽ ഫാമിലിയും മൂന്നാം സ്ഥാനം പങ്കിട്ടു.
മൽസര വിജയികൾക്ക്, ALS മോർട്ട്ഗേജ് സൊലൂഷൻസ് സ്പോൺസർ ചെയ്തിരിക്കുന്ന $301, $201, $101 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നൽകി. വിജയികൾക്ക്, ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, ALS മോർട്ട്ഗേജ് സൊലൂഷൻസ് മാനേജിങ് ഡയറക്റ്റർ ആൻഡ്രുസ് ഹൃദയദാസൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും, പ്രോത്സാഹനസമ്മാനങ്ങളും നൽകി.
ശ്രീ. ബിജു ചാക്കോച്ചൻ പഴയിടത്ത്, ശ്രി. ഷിജു കെ ലൂക്കോസ് കുരിയത്തറ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജോമോൻ കുളഞ്ഞിയിൽ, ലാൻസ്മോൻ വരിക്കാശ്ശേരിൽ, ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ ലൂക്കോസ് കുരിയത്തറ, ജോൺ തൊമ്മൻ നെടുംതുരുത്തിയിൽ, ഷാജി കൊച്ചുവേലിക്കകം എന്നിവർ ജഡ്ജിങ്ങിനു നേതൃത്വം നൽകി.
മാമലകളോടും വന്യമൃഗങ്ങളോടും പടവെട്ടി മണ്ണിൽ കനകം വിളയിച്ച കുടിയേറ്റത്തിന്റെ മക്കളായ ക്നാനായക്കാർ, ഇങ്ങ് കംഗാരുക്കളുടെ നാട്ടിലും, അന്ന് പൂർവ്വികർ പകർന്നു തന്ന, മണ്ണിൽ കനകം വിളയിക്കാനുള്ള ആ ആത്മാർത്ഥ പരിശ്രമം തുടരുന്നത് ശ്ലാഹനീയമാണ്. പ്രതികൂലമായ കാലാവസ്ഥയിലും കൃഷി ചെയ്യുവാനും, അതിനായി സമയം കണ്ടെത്തുവാനും പരിശ്രമിക്കുന്നവർ നിരവധിയാണ്.
ഈ ഓസ്ട്രേലിയായിലും, കൃഷിക്കായി സമയം കണ്ടെത്തുന്നവരെ, തീർച്ചയായും അഭിനന്ദിക്കണ്ടിയിരിക്കുന്നുവെന്നും, ഇനിയും ഒരുപാടുപേർ, ഈ മത്സരത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു, തങ്ങളുടെ വീടുകളിൽ കൃഷി ചെയ്യുവാനായി മുന്നോട്ടുവരട്ടെയെന്നും, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ ആശംസിച്ചു.