കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന അച്ഛനമ്മമാരുടെ നിരവധി വാർത്തകൾ ഓരോ ദിവസവും നാം മാധ്യമങ്ങളിലൂടെ വായിക്കുകയും കാണുകയും ചെയ്യാറുണ്ട്. അതുപോലെ 18 മാസം മാത്രം പ്രായമുള്ള തന്റെ പെൺകുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞതിന് അച്ഛൻ അറസ്റ്റിലായി. കുഞ്ഞിനെ ഒടുവിൽ രക്ഷിച്ചത് കൻവർ തീർത്ഥാടക സംഘത്തിൽ പെട്ടയാളാണ്. സംഭവം നടന്നത് ജ്യോതിസറിലാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം എന്ന് പൊലീസ് പറയുന്നു. പെഹോവ നിവാസിയായ ബൽക്കർ സിംഗ് ആണ് ജൂലൈ 12 -ന് തന്റെ മകളെ ജ്യോതിസാറിനടുത്തുള്ള കനാലിൽ എറിഞ്ഞത്. ഇയാളോടൊപ്പം സഹോദരൻ കുൽദീപ് സിംഗും കൃത്യത്തിൽ പങ്കാളിയായിരുന്നു. ഇയാളും അറസ്റ്റിലായതായി പൊലീസ് പറയുന്നു. നർവാന ബ്രാഞ്ച് കനാലിന്റെ സരസ്വതി ഫീഡറിൽ കുഞ്ഞിനെ എറിഞ്ഞ ശേഷം സിംഗ് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുന്നത് കൻവർ തീർത്ഥാടനത്തിന് പോവുകയായിരുന്നയാളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടനെ തന്നെ അയാൾ കനാലിലേക്ക് എടുത്ത് ചാടുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു.