തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. രേഖകൾ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിർണയിക്കും. നടപടികൾ വേഗത്തിൽ ആക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരും. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. വിജ്ഞാപനം ചെയ്ത ഭൂമിയിൽ റവന്യൂ റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കും. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് നൽകാൻ കലക്ടർക്ക് നിർദ്ദേശം നൽകി. 200 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ഭൂമി വിട്ടു നൽകിയവർക്ക് നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും പരമാവധി വേഗത്തിൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിന്റെ ഭൂമിയുടെ മുകളിൽ നിന്ന് പാറയും കല്ലുമെല്ലാം ഇളകിവീണ് ഭൂമി നശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ വിമർശിച്ചു. കൃഷി ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമായി മാറിയിരിക്കുകയാണ്. വലിയ ബുദ്ധിമുട്ടിലാണ് അവിടുത്തെ ജനങ്ങൾ ജീവിക്കുന്നത്. അടിയന്തരമായി ജപ്തി നടപടികൾ നിർത്തിവെക്കാൻ തയ്യാറാകണം. കെ റെയിലിന് വേണ്ടി കല്ലിട്ട സ്ഥലം സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയം വെക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ആ സ്ഥലം വാങ്ങാൻ ഒരാൾ പോലും വരുന്നില്ല. കെ റെയിൽ വരുമോ എന്ന കാര്യത്തിലും ഉറപ്പില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.