ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന തരത്തിലുള്ള ചർച്ചകളിൽ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. രണ്ട് വർഷം മുമ്പ് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് കങ്കണ പറയുന്നു. അന്ന് ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്തയ്ക്ക് ഒപ്പമായിരുന്നു കങ്കണയുടെ പ്രതികരണം. 2021ൽ ആണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നത്. “ചിലർ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു..എല്ലാവർക്കും അഭിനന്ദനങ്ങൾ!! അടിമ നാമത്തിൽ നിന്ന് മോചിതനായി…ജയ് ഭാരത്”, എന്നാണ് സ്ക്രീൻ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്.
അതേസമയം, റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവരും എന്നാണ് സൂചനകൾ. രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണകത്തുകളിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി 20 ഉച്ചകോടിയുടെ വിരുന്നിൽ ഉൾപ്പടെ രാഷ്ട്രപതി ഭവൻ നല്കിയ ക്ഷണകത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നായിരുന്നു പരാമർശിച്ചിരുന്നത്. എന്നാൽ പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിവാദങ്ങൾക്കിടെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണ് കുറിച്ചിരിക്കുന്നത്.