സിഡ്നി: പെൻറിത്ത് ബ്ലാക്ക് ടൗൺ ഡിസ്ട്രിക്ട് ഗ്രേഡ് 6 ക്രിക്കറ്റിൽ വിജയികളായി മലയാളി ക്രിക്കറ്റ് ക്ലബ് കൈരളി തണ്ടേഴ്സ്. ഫൈനൽ മത്സരത്തിൽ ബ്ലാക്ക് ടൗൺ ക്ലബിനെ പരാജയപ്പെടുത്തിയാണ് കൈരളി തണ്ടേഴ്സ് കിരീടം ചൂടിയത്.
ഷൈൻ മുരളി ക്യാപ്റ്റനായ ടീമിലെ മറ്റംഗങ്ങൾ മഹേഷ് പണിക്കർ, അബിൻ യോഹന്നാൻ (വിക്കറ്റ് കീപ്പർ), ജിതിൻ ജോർജ്, സചിത് ആനന്ദ്, അജീഷ് ബാലകൃഷ്ണ, ഗണേഷ് റെഡി സമ, വിഷ്ണു സുഭാഷ്, ജിതിൻ ജോസഫ്, ജറിൻ സെബാസ്റ്റ്യൻ, ഹരി മേനോൻ, വിഷ്ണു മഞ്ചാടി, ജോബിൻ ജോയി, രാജേഷ് ജോർജ് എന്നിവരാണ്. അതേസമയം കഠിനമായ പരിശ്രമത്തിലൂടെയാണ് നാലാമത്തെ ക്ലബ് സീസണിൽ ഈ നേട്ടം കൈവരിച്ചതെന്നും 168 റൺസ് നേടിയ പ്രകടനത്തിൽ സന്തോഷവാനാണെന്നും ക്യാപ്റ്റൻ ഷൈൻ മുരളി പറഞ്ഞു. റൂട്ടി ഹിൽ ആർഎസ്എൽ ക്രിക്കറ്റ് 2023 സമ്മർ ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമായി സെപ്റ്റംബറിലാണ് മത്സരങ്ങൾ ആരംഭിച്ചത്.
2016ൽ സ്ഥാപിതമായ ക്ലബിന് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പ്രവർത്തനങ്ങളുടെയും കായിക രംഗത്തെ വിജയങ്ങളുടെയും ഭാഗമായി ഓസ്ട്രേലിയൻ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരവും ഗ്രാന്റുകളും ലഭിച്ചിട്ടുണ്ട്. 2019ലെ കെടിപി വിന്റർ കോംപറ്റീഷൻ, വയോംഗ് കപ്പ് വിന്നർ 2021 എന്നിവയിലെല്ലാം ക്ലബ് കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.