കോഴിക്കോട്: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത് പോലെ കേരളത്തിലെ റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണെന്നും സംസ്ഥാന സർക്കാർ കാലങ്ങളായി കേരളത്തിലെ കർഷകരോട് അവഗണന തുടരുകയാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഈ വിഷയത്തിൽ നൽകിയ മറുപടി ശ്രദ്ധിക്കേണ്ടതാണ്. തലശ്ശേരി ആർച്ച് ബിഷപ്പ് ഉന്നയിച്ച ആശങ്കകളിൽ ഒന്നിന് പോലും അദ്ദേഹം മറുപടി നല്കാൻ തയ്യാറായില്ല. ബിജെപിയുമായി കേരളത്തിലെ ക്രൈസ്തവ സഹോദരന്മാർ ഒന്നിക്കുമോ എന്ന പേടി മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞ് നിന്നത്. റബ്ബർ വില കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് എന്തുകൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞില്ല ? മുഖ്യമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്താം എന്ന് എന്തുകൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞില്ല? കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നു എന്ന് എന്തുകൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞില്ല ?- സുരേന്ദ്രന് ചോദിച്ചു.
വോട്ട് മാത്രമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെയും കോൺഗ്രസ്സുകാരുടെയും ലക്ഷ്യം. അല്ലാതെ കർഷകരോ അവരുടെ കുടുംബങ്ങളോ അല്ല. ഇത് കേരള ജനത തിരിച്ചറിയണം. വർഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കുന്ന ഇത്തരക്കാരെയാണ് നമ്മൾ മാറ്റി നിർത്തേണ്ടത്. ആദരണീയനായ തലശ്ശേരി ആർച്ച് ബിഷപ്പ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്. വിഷയത്തിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നത് കേന്ദ്രതലത്തിൽ ചർച്ച ചെയ്യാൻ ബി. ജെ. പി തയ്യാറാവും. കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനമായി ഇക്കഴിഞ്ഞ ബജറ്റിൽ വർദ്ധിപ്പിച്ചത് കർഷകർക്ക് ആശ്വാസമാണ്. ഇതിന്റെ പേരിൽ ആദരണീയനായ ആർച്ച് ബിഷപ്പിനെതിരെയോ , ക്രൈസ്തവ സഹോദരങ്ങൾക്കെതിരെയോ ഇടതുപക്ഷമോ കോൺഗ്രസോ പാലാ മോഡൽ എന്തെങ്കിലും നീക്കങ്ങൾ നടത്തിയാൽ അതിനി ഇവിടെ നടപ്പില്ല എന്നുകൂടി സൂചിപ്പിക്കുന്നു- സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ കേരളത്തിൽ നിന്നും ബി ജെ പിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു. കര്‍ഷക യോഗത്തിലെ ‘ബിജെപി വാഗ്ദാന’ പ്രസ്താവനയിൽ ഖേദമില്ല. കര്‍ഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും പാംപ്ലാനി പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതിൽ സന്തോഷം. നേരത്തേ കര്‍ഷകരുടെ വിഷമങ്ങൾ ചര്‍ച്ചയാകുന്നില്ലായിരുന്നു. ഇപ്പോൾ രാഷ്ട്രീയ പാര്‍ട്ടികൾ എല്ലാം പ്രശ്നങ്ങൾ അന്വേഷിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു.