കോഴിക്കോട്: സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്ന സാഹചര്യത്തിൽ വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ മുരളീധരൻ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി അടുപ്പമുള്ള നേതാക്കളുമായി ഇദ്ദേഹം ചര്‍ച്ച നടത്തി. ഇന്ന് ബിജെപി ദേശീയ ആസ്ഥാനത്തെത്തിയാണ് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നീക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കെയാണ് സഹോദരനും വടകരയിലെ സിറ്റിങ് എംപിയുമായ കെ മുരളീധരൻ മത്സര രംഗത്ത് നിന്ന് പിന്മാറുന്നത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇക്കുറി വടകരയിൽ കടുത്ത മത്സരത്തിന് കളമൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ സഹോദരിയുടെ കൂറുമാറ്റം രാഷ്ട്രീയമായി മണ്ഡലത്തിൽ തിരിച്ചടിയാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ പത്മജയുടെ ബിജെപി പ്രവേശനത്തിൽ കെ മുരളീധരൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.