തിരുവനന്തപുരം: കെ ഫോൺ നടത്തിപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായത്തിനുള്ള ടെണ്ടർ എസ്ആർഐടിയുടെ സേവന ദാതാക്കളായ റെയിൽ ടെല്ലിന് ലഭിച്ചു. ആദ്യം ടെണ്ടർ നേടിയ സിറ്റ്സ കമ്പനി നിയമപോരാട്ടം തുടരുന്നതിനിടെയാണ് ടെണ്ടർ റെയിൽ ടെല്ലിന് നൽകിയത്. രണ്ട് തവണ നടത്തിയ ടെണ്ടർ നടപടികൾ റദ്ദാക്കിയ കെ-ഫോൺ എസ്ആർഐടിയുടെ താത്പര്യം സംരക്ഷിക്കുന്നതിന് ടെണ്ടര്‍ വ്യവസ്ഥകൾ അവര്‍ക്ക് അനുകൂലമായി മാറ്റിയെഴുതിയിരുന്നു.
സാങ്കേതിക പങ്കാളിയെ കണ്ടെത്താൻ മാസങ്ങൾ നീണ്ട ടെണ്ടര്‍ നടപടികളുടെ അവസാനത്തിലാണ് എസ്ആര്‍ഐടിയുടെ താൽപര്യത്തിന് കെ ഫോൺ പൂര്‍ണ്ണമായും കീഴടങ്ങുന്നത്. ഹാര്‍ഡ് വെയര്‍ – സോഫ്റ്റ്വെയർ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ വിളിച്ച ടെണ്ടറാണ് റെയിൽ ടെലിന് ലഭിച്ചത്. ടെണ്ടർ നടപടികളിൽ അവസാനം ഉണ്ടായിരുന്നത് രണ്ട് കമ്പനികളായിരുന്നു. റെയിൽ ടെലിന്റെ കേരളത്തിലെ എംഎസ്പിയാണ് എസ് ആർഐടിയാണ്. ഇതിൽ തന്നെ എസ്ആർഐടിയുടെ താൽപര്യ സംരക്ഷണം വ്യക്തമാകുന്നു.
കെ ഫോൺ കൺസോര്‍ഷ്യം പങ്കാളിയാണ് എസ്ആര്‍ഐടി. ഇവർക്ക് നേരിട്ട് ഹാര്‍ഡ് വെയര്‍ – സോഫ്റ്റ്വെയർ പങ്കാളിയാകാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് രണ്ട് തവണ ഹാര്‍ഡ് വെയര്‍ – സോഫ്റ്റ്വെയർ പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടര്‍ നടപടികൾ കെ ഫോൺ വേണ്ടെന്ന് വച്ചത്. ആദ്യ ടെണ്ടർ തുറക്കും മുന്നേ റദ്ദാക്കിയ കെ ഫോൺ, രണ്ടാമത് ടെണ്ടർ വിളിച്ചു. റെയിൽടെൽ കോര്‍പറേഷനും അക്ഷര എന്റര്‍പ്രൈസസും സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും ഇതിൽ പങ്കെടുത്തു. റെയിൽ ടെലിന്റെ കേരളത്തിലെ എംഎസ്പിയെന്ന നിലയിലായിരുന്നു ഇതിൽ എസ്ആര്‍ഐടിയുടെ പങ്കാളിത്തം. അസോസിയേറ്റ് പാർട്ണർ എന്നനിലയിൽ അക്ഷര എന്റര്‍ പ്രൈസസിലും എസ്ആര്‍ഐടിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നു.
എല്ലാം മറികടന്ന് സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ടെണ്ടര്‍ കിട്ടിയതോടെ ഉന്നത സര്‍ക്കാര്‍ ഇടപെടലുണ്ടായി. പരാതികളുണ്ടെന്ന കാരണം പറഞ്ഞ് ടെണ്ടര്‍ തന്നെ റദ്ദാക്കി. ഇതിൽ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് പുതിയ ടെണ്ടര്‍ നടപടികൾ കെ ഫോൺ തുടങ്ങിയത്. എസ്ആര്‍ഐടിയുടെ സോഫ്റ്റ്വെയറായ ആര് കൺവേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമേ പരിഗണിക്കൂവെന്ന് എസ്ആര്‍ടിയുടെ പേരെടുത്ത് പറഞ്ഞ് വ്യവസ്ഥ തിരുത്തിയാണ് പുതിയ ടെണ്ടര്‍ വിളിച്ചത്. ഇതിലൂടെയാണ് റെയിൽ ടെലിന് തന്നെ കാരാർ ഉറപ്പിച്ചത്.