കോട്ടയം:മകൻ പ്രതിയായ വാഹന അപകട കേസിലെ പൊലീസ് കള്ളക്കളിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ മാണി. കോട്ടയത്ത് നടന്ന കെ.എം.മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ മാണി മാധ്യമങ്ങൾക്കു മുന്നിൽ വരാൻ തയാറായില്ല. കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.
ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവനെടുത്ത അപകടം. അതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഭരണമുന്നണിയിലെ പ്രധാന ഘടക കക്ഷിയുടെ നേതാവിന്റെ മകനും. അപകടത്തിനു പിന്നാലെ ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധന ഒഴിവാക്കാൻ എഫ് ഐ ആറിൽ പൊലീസ് കൃത്രിമം നടത്തി എന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടും മൗനം തുടരുകയാണ് കേരള കോൺഗ്രസ് എം. തിരുനക്കരയിൽ കെ.എം.മാണി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജോസ് കെ മാണിയുടെ പ്രതികരണം മാധ്യമ പ്രവർത്തകർ ആരാഞ്ഞെങ്കിലും എം പി മാധ്യമങ്ങൾക്കു മുന്നിലെത്തിലെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവർ അറിയിച്ചു. ചെയർമാനു പകരം സംസാരിച്ച പാർട്ടി ലീഡർ കൂടിയായ മന്ത്രി റോഷി അഗസ്റ്റിനും അപകട കേസിലെ അട്ടിമറിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. കെ.എം.മാണിയുടെ ഓർമ നിലനിൽക്കുന്ന വേദിയിൽ മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് പറഞ്ഞാണ് മന്ത്രി ഒഴിഞ്ഞു മാറിയത്.