ലണ്ടൻ : ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ അഞ്ച് ദിവസം നീളുന്ന സമരം ആരംഭിച്ചതിന് പിന്നാലെ ശമ്ബളത്തില്‍ ആറ് ശതമാനം വര്‍ദ്ധന പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഭരണകൂടം.
എന്നാലിത് അംഗീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷൻ ( ബി.എം.എ ) പ്രതികരിച്ചു. ജൂലായ് 18 വരെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്ബളത്തില്‍ 35 ശതമാനം വര്‍ദ്ധനവാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. എന്നാല്‍ ഇത് താങ്ങാനാവുന്നതല്ലെന്നും ന്യായമല്ലെന്നും ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ അറിയിച്ചിരുന്നു. രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ പിടിച്ചുനില്ക്കാൻ ശമ്ബളത്തില്‍ ഇത്രയും വര്‍ദ്ധന വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത്. അതേ സമയം, നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് കീഴിലെ മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെ ശമ്ബളവും 6 ശതമാനം വര്‍ദ്ധിപ്പിക്കും. സായുധ സേനാംഗങ്ങള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് 5 മുതല്‍ 6.5 ശതമാനം വരെ ശമ്ബള വര്‍ദ്ധനവുണ്ടാകും.