ടെല്‍ അവീവ്: ഇസ്രയേലിലെ വലതുപക്ഷ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജുഡീഷറിയുടെ അധികാരം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം കനക്കുന്നു.
പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് രാജ്യത്തുടനീളം തെരുവുകളില്‍ നിറഞ്ഞ ത്. ഇസ്രയേലില്‍ ഇതിനു മുന്‍പ് ഇത്രമാത്രം ജനപങ്കാളിത്തമുള്ള പ്രക്ഷോഭം ഉണ്ടായിട്ടില്ലെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിലെ പബ്ലിക് കാൻ ടെലിവിഷൻ ചാനല്‍ ഞായറാഴ്ച നടത്തിയ ഒരു സര്‍വേയില്‍ 31 ശതമാനം ഇസ്രേലികള്‍ മാറ്റത്തെ അനുകൂലിച്ചപ്പോള്‍ 43 ശതമാനം പേര് എതിര്‍ത്തു.
ജറൂസലെം-ടെല്‍ അവീവ് ഹൈവേയില്‍ പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 42 പേരെ അറസ്റ്റ് ചെയ്തു. ഇസ്രയേലിന്റെ വ്യാപാര കേന്ദ്രമായ ടെല്‍ അവീവില്‍ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചു.
ജറൂസലെമിലേക്കുള്ള പ്രവേശനകവാടത്തില്‍ പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചത്.മന്ത്രിമാരുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന ബില്ലാണു പ്രതിഷേധത്തിനു കാരണമായത്.
തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണു പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ക്കിടയില്‍, കോടതി അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള വിവാദ ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് അംഗീകരിച്ചു. പ്രക്ഷുബ്ധമായ പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ബില്‍ ആദ്യവായനയില്‍ 56നെതിരേ 64 വോട്ടുകള്‍ക്കു പാസായി.