സിനിമാ സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി ഇന്ന് പിടിയിലായിരുന്നു. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദിനെ കർണാടക പൊലീസായിരുന്നു കസ്റ്റഡിയിൽ എടുത്തത്. കവർച്ച നടത്തിയ സ്വർണ- വജ്രാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു. എന്നാൽ പിടിയിലായ കക്ഷി പക്ഷെ ചില്ലറക്കാരനല്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
വലിയ കവർച്ചകൾ ആസൂത്രണം നടപ്പാക്കുന്നതിൽ വിദഗ്ധനാണ് ഇയാൾ. മുമ്പ് കേരളത്തിൽ തന്നെ ഇത് തെളിയിച്ചിട്ടുണ്ട് ഇര്‍ഷാദ്.തിരുവനന്തപുരത്ത് പ്രമുഖ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ നിന്നുമാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞ് വിവരം നൽകിയ പ്രകാരം ഗോവ പൊലിസ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും കൊവിഡായതിനാൽ പ്രതിയെ തിരുവനന്തപുരം സിറ്റി പൊലിസിന് കൈമാറിയിരുന്നില്ല.തുടർന്ന് ഗോവൻ ജയിലിൽ കിടന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും പ്രതി കൊച്ചിയിൽ മോഷണം നടത്തിയത്. കവര്‍ന്ന് കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് ഇര്‍ഷാദിന്റെ രീതി. വലിയ ഹോട്ടലുകളിൽ താമസം, ഭക്ഷണം, ആരെയും പറഞ്ഞുവീഴ്ത്താനുളള മിടുക്കാണ് മറ്റൊരു വലിയ പ്രത്യേക.
കൊച്ചി സിറ്റി പൊലീസിന്റെ അതിവേഗത്തിലുളള ഇടപെടലിലാണ് ഒരു ദിവസത്തിനുള്ളിൽ പ്രതിയിലേക്ക് എത്താൻ കാരണമായത്. സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവജ്രാഭരണങ്ങളാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദ് കഴിഞ്ഞദിവസം പുലർച്ചെ കവർന്നത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ വീടിന്റെ പിന്നാന്പുറത്ത് നിന്ന് കിട്ടി.
പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് ഇയാൾ ഉപയോഗിച്ച വാഹനവും കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സംസ്ഥാനാതിർത്തി കടന്ന് കർണാടകത്തിലേക്ക് പോയതെന്ന് വ്യക്തമായത്. തുടർന്ന് കർണാടക പൊലീസിനെ വിവരമറിയിച്ച് മൈസൂരുവിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. കവർച്ചാ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊച്ചിയിലെത്തിച്ചശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.