പെർത്ത് : ചാലക്കുടി മേലൂർ സ്വദേശി മൽപ്പാൻ ജോസഫ് ഹൃദയാഘാതത്തെ തുടർന്ന് ഓസ്ട്രേലിയയിൽ ഇന്ന് (10-12-2024) നിര്യാതനായി.രാത്രി ഒൻപതു മണിയോടെ കുഗീ ബീച്ചിൽ ഫിഷിങ്ങിന് എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം സാർ ചാൾസ് ഗാർഡനെർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജെറാൾഡ്ട്ടണിനടുത്തുള്ള നോർത്താംറ്റണിൽ രണ്ടു വർഷത്തിലധികം താമസിച്ചിരുന്ന ഇദ്ദേഹം ഇപ്പോൾ പെർത്തിലാണ് കുടുംബസമേതം കഴിയുന്നത്. മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയായ അദ്ദേഹം നല്ലൊരു പാചക വിദഗ്ധനും ആയിരുന്നു.
മലയാളി അസോസിയേഷൻ ഓഫ്പെർത്തിന്റെ (MAP) സജീവ പ്രവർത്തകനായ ഇദ്ദേഹം മറ്റുള്ളവരെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്ന വ്യക്തി കൂടിയായിരുന്നു.ഓസ്ട്രേലിയയിൽ തന്നെ നഴ്സായി ജോലിചെയ്യുന്ന ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.
മൽപ്പാൻ ജോസഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലും വിഷമത്തിലും ആണ് പെർത്തിലെ മലയാളി സമൂഹം ഒന്നാകെ.പ്രിയപ്പെട്ടവരിലൊരാളുടെ വേർപാട് വാക്കുകൾക്കതീതമാണെന്ന് അദ്ദേഹത്തെ അറിയുന്നവർ വ്യക്തമാക്കി. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.