കൊച്ചി: മണിരത്നം സിനിമയായ ‘തഗ് ലൈഫി’ന്റെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് ചാടി ഇറങ്ങിയ നടൻ ജോജു ജോർജിന്റെ കാൽപാദത്തിന്റെ അസ്ഥിപൊട്ടിയെങ്കിലു൦ വേദന സഹിച്ച് അദ്ദേഹം തുടർന്നും അഭിനയിച്ചു. സിനിമയിലെ നായകനായ കമലഹാസനും നടൻ നാസറും കയറിയ ഹെലികോപ്റ്റർ തിരിച്ചിറങ്ങിയശേഷം മൂന്നുപേരും ചാടി ഇറങ്ങുന്ന സീൻ ചിത്രീകരിക്കുമ്പോഴാണ് ജോജു വീണത്. എക്സ്-റേയിൽ ഇടതുകാലിന്റെ അസ്ഥി പൊട്ടി എന്ന് വ്യക്തമായി.
പോണ്ടിച്ചേരി വിമാനത്താവളം വാടകയ്ക്ക് എടുത്ത് വലിയ സന്നാഹങ്ങളോടെയായിരുന്നു ‘തഗ് ലൈഫി’ന്റെ ചിത്രീകരണം. ഷൂട്ടിംഗ് മുടങ്ങിയിരുന്നെങ്കിൽ നിർമാതാവിന് കോടികളുടെ നഷ്ടം വരുമായിരുന്നു. രണ്ടുദിവസം കൂടി ഷൂട്ടിങ്ങിൽ പങ്കെടുത്ത് ചിത്രീകരണ൦ പൂർത്തിയാക്കിയതിന് ശേഷമാണ് ജോജു ജോർജ് കൊച്ചിയിലേക്ക് മടങ്ങിയത്.