മെൽബൺ: വിക്ടോറിയയിലെ ഏറ്റവും കൂടുതൽ മലയാളി ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിൽ സ്ഥാനാർത്ഥിയായി മലയാളി.കോട്ടയം കാഞ്ഞിരപ്പിള്ളി പിണ്ണാക്കനാട് സ്വദേശി ജോബി ജോർജാണ് സിറ്റി ഓഫ് കേസി തെരഞ്ഞെടുപ്പിൽ കോവൻ വാർഡിൽ മത്സരിക്കുന്നത്.
ജോബി ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായിട്ട് 14 വർഷം കഴിഞ്ഞു. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പഠിക്കുന്ന സമയത്ത് കോളേജ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മാത്രമല്ല, നല്ലൊരു പ്രാസംഗികനും നയതന്ത്രജ്ഞനും കൂടിയാണ് ജോബി.
ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ മാത്രമല്ല സ്വദേശികൾക്കിടയിലും നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് ജോബി ജോർജ്.
ഒക്ടോബർ 26നാണ് കേസി കൗൺസിൽ ഇലക്ഷൻ നടക്കുന്നത്. പോളിങ് ബൂത്തുകൾക്ക് പകരം പോസ്റ്റൽ വോട്ടുകളാണ് എല്ലാ വർഷത്തെയും പോലെ ഈ വർഷവും.ഒക്ടോബർ ആറിനും പത്തിനും ഇടയിൽ എല്ലാ വീടുകളിലേക്കും ഇലക്ഷൻ കമ്മീഷൻ ബാലറ്റ് പേപ്പറുകൾ അയച്ചുകൊടുക്കും, തുടർന്ന് വോട്ടുകൾ രേഖപ്പെടുത്തി ഒക്ടോബർ 25ന് ബാലറ്റ് പേപ്പറുകൾ തിരികെ ഏൽപ്പിക്കേണ്ടതാണ്.പ്രിഫറൻഷ്യൽ വോട്ടിംഗ് സമ്പ്രദായം പിന്തുടരുന്നതിനാൽ എല്ലാ മത്സരാർത്ഥികൾക്കും നമ്മുടെ പ്രിഫറൻസ് രേഖപ്പെടുത്തണം, അങ്ങനെ ചെയ്തില്ല എങ്കിൽ ആ വോട്ട് അസാധുവായിത്തീരും.ബാലറ്റ് പേപ്പറിൽ മൂന്നാം സ്ഥാനത്താണ് ജോബി ജോർജ്. മുൻ ഭരണസമിതിയിലെ കൗൺസിലർമാരുടെ അഴിമതിയെ തുടർന്ന് വിക്ടോറിയൻ ഗവൺമെന്റ് കേസി കൗൺസിലിനെ പിരിച്ചുവിടുകയായിരുന്നു.ആയതിനാൽകഴിഞ്ഞ നാലുവർഷം കൗൺസിലർമാർ ഇല്ലാതെ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു ഇവിടെ കാഴ്ച വെച്ചിരുന്നത്.
വേറിട്ട ആശയങ്ങളുമായാണ് കോവൻ വാർഡിൽ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി മത്സരത്തിനിറങ്ങുന്നത്. വാർഡിൽ സ്ഥിരതാമസമാക്കിയവരുടെ അടിസ്ഥാന ആവശ്യകതകൾ വിലയിരുത്തി അത് നടപ്പിലാക്കുക, സൗകര്യങ്ങൾ, സേവനങ്ങൾ, സുരക്ഷ, ജീവിത നിലവാരം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുക.
പ്രാദേശിക സംരംഭങ്ങൾ, പ്രോജക്റ്റുകൾ, ബിസിനസുകൾ എന്നിവയ്ക്ക് അർഹമായ പ്രോത്സാഹനവും പിന്തുണയും നൽകുക. സമഗ്രമായ സുരക്ഷാ പദ്ധതികൾ വികസിപ്പിക്കുകയും അത് പതിവായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.
പൊതു സുരക്ഷ, അടിയന്തര തയ്യാറെടുപ്പ്, പ്രതികരണ തന്ത്രങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും.പൊതു സുരക്ഷാ ബോധവൽക്കരണ കാമ്പെയ്നുകൾ ആരംഭിക്കും.
കുറ്റകൃത്യങ്ങൾ തടയൽ, അടിയന്തര നടപടികൾ, തുടങ്ങി വ്യക്തിഗത സുരക്ഷയ്ക്ക് വേണ്ടതെല്ലാം ചെയ്യും.
പരസ്പര സഹകരണവും ജാഗ്രതയുള്ളവരുമായ നല്ല അയൽക്കാരെ വാർത്തെടുക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുക.പ്രദേശിക അടിയന്തര സേവനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്തുക.അഗ്നിശമന വകുപ്പുകൾ, പോലീസ് സേന, മെഡിക്കൽ റെസ്പോണ്ടർമാർ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ആവശ്യമായി വന്നാൽ, പെട്ടെന്ന് ഉറപ്പാക്കാൻ വേണ്ട പദ്ധതികൾ തുടങ്ങി നിരവധി നല്ല ആശയങ്ങളാണ് ജോബി മുന്നോട്ട് വയ്ക്കുന്നത്.