സിഡ്നി: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി കൊണ്ട് ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പ്. സിഡ്നി ആസ്ഥാനമായുള്ള Fast and easy consulting Pty Ltd എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിന് ഇരയായവരിൽ മലയാളികളും ഉൾപ്പെടുന്നു. പ്രൊഫഷണൽ ജോലി കണ്ടെത്താൻ സഹായിക്കുന്ന ലിങ്ക്ഡ്ഇൻ പോലുള്ള വെബ്സൈറ്റുകളിൽ നിന്ന് ഉദ്യോഗാർത്ഥികളുടെ ഡാറ്റ ശേഖരിച്ചാണ് തട്ടിപ്പെന്നാണ് സൂചന. ഉദ്യോഗാർത്ഥികളെ ടെലിഫോൺ വഴി കോണ്ടാക്ട് ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്.
തട്ടിപ്പിന് ഇരയായ കോട്ടയം സ്വദേശിയുടെ (സ്വകാര്യത മാനിച്ചാണ് പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താത്തത്) അനുഭവം ഇങ്ങനെയാണ്. ” ഏപ്രിൽ 15 നാണ് ആദ്യമായി ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് ഫോൺ കോൾ വന്നത്. ആ സമയത്ത് കോൾ ലൊക്കേഷൻ സിഡ്നിയെന്നായിരുന്നു കാണിച്ചത്. സ്റ്റൈസി ക്ലാർക്ക് (HR Department, Fast and easy consulting Pty Ltd) എന്ന സ്ത്രീയാണ് ബന്ധപ്പെട്ടത്. ഓസ്ട്രേലിയയിൽ ജോബ് ഓഫർ എന്ന് പറഞ്ഞായിരുന്നെങ്കിലും എന്താണ് ജോലിയെന്ന് വ്യക്തമാക്കിയിരുന്നില്ല. പ്രൊഫഷണൽ വിവരങ്ങൾ പങ്കുവെക്കുകയാണെങ്കിൽ ഇന്റർവ്യൂയിൽ പങ്കെടുക്കാമെന്നായിരുന്നു കോളിന്റെ ഉള്ളടക്കം. അതനുസരിച്ച് ബയോഡാറ്റയും മറ്റ് വിവരങ്ങളും മെയിൽ ചെയ്തു. പിന്നാലെ ടെലിഫോൺ ഇന്റർവ്യൂയും നടന്നു. ഒരു ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവിനോട് ചോദിക്കുന്ന ചോദ്യങ്ങളായിരുന്നു ഇന്റർവ്യൂവിൽ ചോദിച്ചത്. ശേഷം, സെലക്ഷൻ കിട്ടി എന്ന് അറിയിച്ച് കൊണ്ട് ഇമെയിൽ വരികയായിരുന്നു.
ഹൂമൻ റിസോഴ്സ് മാനേജർ ഹൈദി കൂപ്പർ എന്ന സ്ത്രീയാണ് പിന്നീട് ബന്ധപ്പെട്ടിരുന്നത്. ലോയൽറ്റി ലീഗൽ ഡിപ്പാർട്ട്മെന്റിന്റെ വെരിഫിക്കേഷൻ ഡൊക്യുമെന്റും ഓഫർ ലെറ്ററും അയച്ചു. AUD 7920 (ഏകദേശം ഇന്ത്യൻ രൂപ 400000) മാസ സാലറിയായും പെയ്ഡ് ഹോളിഡേ ലീവ് അടക്കം ഉൾപ്പെട്ടതായിരുന്നു ഓഫർ ലെറ്റർ. കൂടാതെ വിസ പ്രോസസിനുള്ള ചോദ്യങ്ങൾ അടങ്ങിയ ഒരു എക്സൽ ഷീറ്റുമുണ്ടായിരുന്നു. അതും പൂരിപ്പ് നൽകിയതിന് ശേഷമാണ് ഓഫർ ലെറ്ററിലുള്ള വാഗ്ദാനങ്ങളെ കുറിച്ച് ചിന്തിക്കുന്നതും ഈ കമ്പനിയെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതും. എന്നാൽ കമ്പനിക്ക് ഒരു വെബ്സൈറ്റ് ഉണ്ടെന്നല്ലാതെ ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ മീഡിയകളിൽ ഒന്നും തന്നെ ഒരു വിവരവും ഇല്ലായിരുന്നു. കൂടാതെ ഇത് വരെ ബന്ധപ്പെട്ട സ്റ്റെെസി ക്ലാർക്ക്, ഹെയ്ദി കൂപ്പർ എന്നിവരെ കുറിച്ചും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒരു വിവരവും കണ്ടെത്താനായില്ല. കൂടാതെ ഓഫർ ലെറ്ററിൽ ഒപ്പിട്ടിരിക്കുന്ന Joshaue smith (vice president) നെ കുറിച്ചും ഒരു വിവരവും അന്വേഷണത്തിൽ ലഭിച്ചില്ല.
പിന്നീട് കൂടുതൽ അന്വേഷിച്ചപ്പോൾ ഓസ്ട്രേലിയൻ വിസയിൽ TRN നമ്പർ ഉണ്ടെങ്കിലെ കാര്യമുള്ളൂ എന്നത് മനസ്സിലാക്കുന്നത്. ഇതിനെ കുറിച്ച് അന്വേഷിച്ച് കൊണ്ട് ഇവർക്ക് മെയിൽ ചെയ്ത ങ്കിലും അതിന് മറുപടി കിട്ടിയില്ല. അതിന് ശേഷം 500 ഡോളർ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലുള്ള കസിനുമായി ബന്ധപ്പെട്ടപ്പോൾ വിസയ്ക്ക് പണം ആവശ്യപ്പെടുകയാണെങ്കിൽ തട്ടിപ്പാണെന്ന മുന്നറിയിപ്പും കിട്ടിയിരുന്നതിനാൽ പണം നൽകിയിരുന്നില്ല.
എന്നാൽ കൊൽക്കത്ത സ്വദേശിനിയും സമാന അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. അക്കൗണ്ട് മാനേജ്മെന്റ് പൊസിഷനിലേക്ക് റിക്രൂട്ട് ചെയ്ത് 500 ഡോളർ ആവശ്യപ്പെട്ട് മെയിൽ വരികയായിരുന്നു. മെയിലിൽ ആവശ്യപ്പെട്ട പ്രകാരമുള്ള തുക കൈമാറിയതിന് ശേഷം ഒരാഴ്ചത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട TRN നമ്പർ നൽകിയെങ്കിലും അത് വ്യാജമായിരുന്നു. പിന്നീട് മെഡിക്കൽ ചെക്കപ്പിന് വേണ്ടി 8000 ഡോളർ ആവശ്യപ്പെട്ടു. ഇതിനിടയിൽ ആഗസ്റ്റ് 28 ലേക്ക് ജോയിനിങ്ങ് ഡേറ്റ് നൽകിയത് കൊണ്ട് ഉണ്ടായിരുന്ന ജോലിയും രാജിവെച്ചിരുന്നു. തുടർന്നാണ് വീണ്ടും പണത്തിന് ആവശ്യപ്പെട്ടത്.
ഓസ്ട്രേലിയയിൽ ഉയർന്ന ശമ്പളത്തോടെ ജോലിയെന്ന മോഹന വാഗ്ദാനങ്ങൾ നൽകി കൊണ്ട് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടുന്നത് ഇപ്പോൾ കൂടുതലാണ്. ഇന്ത്യയിൽ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും പടർന്ന് കിടക്കുന്ന ഒരു ഓൺലൈൻ ശൃംഖലയായി മാറി കൊണ്ടിരിക്കുകയാണ് ഇത്തരം തട്ടിപ്പുകൾ. നമുക്ക് വരുന്ന ഓഫറുകളെ കുറിച്ച് കൃത്യമായി അന്വേഷിച്ചിട്ട് മാത്രം മുന്നോട്ട് പോകാൻ ശ്രദ്ധിക്കുക.