ദില്ലി: ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട് മുകേഷ് അംബാനിയുടെ മൊത്ത ഓൺലൈൻ പ്ലാറ്റ്ഫോമായ ജിയോമാർട്ട്. മൊത്ത ഭക്ഷ്യ ഉൽപന്ന കമ്പനിയായ മെട്രോ ക്യാഷ് ആൻഡ് കാരിയെ ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് പിരിച്ചുവിടൽ. കമ്പനിയുടെ 15000 തൊഴിലാളികളിൽ മൂന്നിൽ രണ്ട് ഭാഗവും പിരിച്ചുവിടാനുള്ള പദ്ധതിയുടെ തുടക്കമാണിതെന്നാണ് റിപ്പോർട്ട്. പിരിച്ചുവിട്ടതിൽ 500 എക്സിക്യൂട്ടീവുകൾ ഉൾപ്പെടുന്നു.
ചെലവ് ചുരുക്കി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. കൂടാതെ, നൂറുകണക്കിന് ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. ജീവനക്കാരുടെ ശമ്പളം കുറച്ചതായും റിപ്പോർട്ടുണ്ട്. 3,500 ജീവനക്കാരുടെ സ്ഥിരം ജീവനക്കാരുള്ള മെട്രോ ക്യാഷ് ആൻഡ് കാരി ഏറ്റെടുത്തതോടെ മൊത്തം ജീവനക്കാരുടെ എണ്ണം അധികമായി. ജിയോമാർട്ടിന് നേരത്തെ വാട്ട്സ്ആപ്പ് വഴിയുള്ള ത്രൈമാസ ഓർഡറുകൾ കുതിച്ചുയർന്നിരുന്നു. 2022 ഓഗസ്റ്റിൽ, ജിയോമാർട്ടും വാട്ട്സ്ആപ്പും അവരുടെ പ്ലാറ്റ്ഫോമുകൾ സംയോജിപ്പിച്ചിരുന്നു. ഈ സംയോജനം ഉപഭോക്താക്കൾക്ക് വിപുലമായ ഷോപ്പിങ് അനുഭവമാണ് പ്രധാനം ചെയ്തത്. കാർട്ടിലേക്ക് ഇനങ്ങൾ ചേർക്കാനും പേയ്മെന്റുകൾ നടത്താനും സാധിച്ചതോടെ പ്ലാറ്റ്ഫോം കൂടുതൽ വളർന്നു.
രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ വൻകിട കമ്പനികളിലെ പിരിച്ചുവിടലുകൾ ഇന്ത്യ കണ്ടിട്ടുണ്ട്. വിവിധ ബിസിനസ്സുകളിലും പ്രവർത്തനങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഏകദേശം 500 ജീവനക്കാരെ ആമസോൺ ഇന്ത്യ പിരിച്ചുവിടുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇന്ത്യൻ ഇ-കൊമേഴ്സ് വ്യവസായം കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുകയും വിപണിയിൽ മുന്നിൽ നിൽക്കാനുള്ള തങ്ങളുടെ തന്ത്രങ്ങൾ കമ്പനികൾ നിരന്തരം അവലോകനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിരിച്ചുവിടലുകൾ അധികമാകുന്നത്.