രണ്ട് സമയ മേഖലകളിലൂടെയുള്ള യാത്രകള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളായ ജെറ്റ് ലാഗിന് പരിഹാരമായി ഓസ്ട്രേലിയൻ ശാസ്ത്രഞ്ജർ. ഓസ്ട്രേലിയൻ എയർലൈൻ ക്വാണ്ടാസ് ശാസ്ത്രജ്ഞരാണ് ഈ രംഗത്തെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിലവില്‍ ഇതിന് പലരീതികള്‍ അവലംബിക്കുന്നു. ഉദാഹരണത്തിന് മെലറ്റോണിൻ ഗുളികകൾ കഴിക്കുക, ഫ്ലൈറ്റിലിരിക്കുമ്പോള്‍ കഴിയുന്നത്ര നേരം ഉറങ്ങുക, പുറപ്പെടുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനത്തിന്റെ സമയവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുക, ഉറക്ക ഗുളികകൾ ഒഴിവാക്കുകയോ കംപ്രഷൻ സ്റ്റോക്കിംഗ്സ് ധരിക്കുയോ ചെയ്യുക. ഇത്രയൊക്കെ ചെയ്താലും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ നിങ്ങളുടെ ശരീരം അസാമാന്യമായ ക്ഷീണത്തിന്റെ പിടിയിലായിരിക്കും. ഈ പ്രശ്നം മറികടക്കാനുള്ള ഒരു ഉപാധിയുമായാണ് ഓസ്ട്രേലിയന്‍ ഗവേഷകര്‍ രംഗത്തെത്തിയത്.
ഇത്തരം ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍, ഉറക്കത്തിനായി വൈനോ മദ്യമോ ഉപയോഗിക്കരുത്. കാരണം ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. ഇതിനേക്കാളൊക്കെ ഫലം തരുന്ന മറ്റൊന്നുണ്ട്. അത് ചോക്കലേറ്റും മുളകുമാണെന്നാണ് ഗവേഷകരുടെ വാദം.
സിഡ്നി സർവകലാശാലയിലെ ചാൾസ് പെർകിൻസ് സെന്ററുമായി ചേർന്ന് ഓസ്ട്രേലിയൻ എയർലൈൻ ക്വാണ്ടാസ് നടത്തിയ പരീക്ഷണത്തിലാണ് മുളകും ചോക്കലേറ്റും ദീര്‍ഘ ദൂരയാത്രക്കാരെ സഹായിക്കുമെന്ന് കണ്ടെത്തിയത്. ഇതിന്റെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്. കൊവിഡിന് മുമ്പ് തന്നെ പരീക്ഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടുപോയ ഗവേഷണങ്ങള്‍ ഇപ്പോഴാണ് പുനഃരാരംഭിച്ചത്. ഈ ദീര്‍ഘ ദൂരയാത്രയുടെ പരീക്ഷണത്തിനായി 23 ഗിനിപ്പന്നികളെയാണ് ഉപയോഗിച്ചത്. യാത്രയിലുടനീളം ഇവയുടെ ചലനങ്ങൾ, പ്രകാശത്തെ സ്വീകരിക്കുന്ന രീതി, ഉറക്കത്തിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്താനുള്ള ഉപകരണങ്ങൾ ഗിനിപ്പന്നികളില്‍ ഘടിപ്പിച്ചിരുന്നു.
ഇത്തരം യാത്രയില്‍ ഭക്ഷണത്തിന്റെ പ്രാധാന്യം ഏറെയാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇതിനായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ പ്രത്യേക വിഭവങ്ങൾ ഉപയോഗിച്ച് ഗിനിപ്പന്നികളെ ഉണർന്നിരിക്കാനും ഉറങ്ങാനും പ്രേരിപ്പിച്ചു. “വേഗതയിൽ പ്രവർത്തിക്കുന്ന കാർബോഹൈഡ്രേറ്റുമായി ചേര്‍ത്ത മത്സ്യവും കോഴിയിറച്ചിയും സൂപ്പുകളും പാലിൽ നിന്നുള്ള മധുരപലഹാരങ്ങളും പോലുള്ള ഭക്ഷണങ്ങളും ഇവയ്ക്കായി ഒരുക്കി. യാത്രയ്ക്കിടയില്‍ ഗിനിപ്പനികളുടെ ഉറക്കം എളുപ്പമാക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ ഉത്പാദനത്തെ ഏത് ഭക്ഷ്യപദാര്‍ത്ഥമാണ് സ്വാധീനിക്കുക എന്നതായിരുന്നു അന്വേഷണം. ഗിനിപ്പന്നികളുടെ ബയോളജിക്കല്‍ ക്ലോക്കുകള്‍ക്ക് അനുസൃതമായിട്ടാണ് ഭക്ഷണങ്ങള്‍ നല്‍കിയത്. ഇങ്ങനെ ഗിനിപ്പന്നികളില്‍ നിരന്തരം നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഈ കണ്ടെത്തൽ.