മലയാള സിനിമാസ്വാദകർ ഏറെ കാലമായി കാത്തിരിക്കുന്ന സിനിമയാണ് കത്തനാർ. ജയസൂര്യ നായകനായി എത്തുന്ന ഈ ത്രീഡി ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. ഹോം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ ഒരുക്കുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടി, പ്രഭു ദേവ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പതിനെട്ട് മാസം നീണ്ടുനിന്ന കത്തനാർ ഷൂട്ടിന് കഴിഞ്ഞ ദിവസം പാക്കപ്പായിരുന്നു. കത്തനാർ വെറുമൊരു സിനിമയല്ലെന്നും അക്ഷീണമായ അധ്വാനത്തിൻ്റെയും സ്വപ്നത്തിലുള്ള വിശ്വാസത്തിൻ്റെയും ഫലമാണെന്ന് പറയുകാണ് റോജിൻ ഇപ്പോൾ. പാക്കപ്പ് വിവരം പങ്കുവച്ച് കൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. ഗോകുലം ഗോപാലനും ജയസൂര്യയും അണിയറ പ്രവർത്തകരും ഇല്ലായിരുന്നുവെങ്കിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കില്ലായിരുന്നുവെന്നും റോജിൻ പറയുന്നു.
‘ഹോമിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി, എല്ലാ ദിവസവും എൻ്റെ 100% പ്രയത്നവും കത്തനാരിന് നൽകാൻ പറ്റണേയെന്നപ്രാർത്ഥനയോടെയാണ് ഞാൻ ഉണർന്നിരുന്നത്. ആറ് ഷെഡ്യൂളുകളിലായി 212 ദിവസവും 18 അവിശ്വസനീയമായ മാസങ്ങളും എടുത്ത് ഞങ്ങൾ ചിത്രീകരണം പൂർത്തിയാക്കുമ്പോൾ ഇന്ന് ഞാൻ ഏറെ സന്തോഷവാനാണ്. റോമിൽ ഷൂട്ട് ചെയ്യാനുള്ള ഒരു ചെറിയ ഷെഡ്യൂൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്’, എന്ന് റോജിൻ തോമസ് പറയുന്നു.