ദില്ലി: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്ത്. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യക്കാരുമായി എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. വിഷയം രാഷ്ട്രീയവൽക്കരിച്ചത് നിരുത്തരവാദപരമാണ്. ഒരു തെരഞ്ഞെടുപ്പ് ലക്ഷ്യവും അതുവഴി ന്യായീകരിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
സുഡാനിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണമില്ലാതെ ദിവസങ്ങളായി ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂടിയായ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം.