ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് രജനികാന്ത് നായകനായ ജയിലര്‍. സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നില്ല. ബീസ്റ്റ് എന്ന പരാജയചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും രജനികാന്തിന്റെ കഴിഞ്ഞ ഏതാനും ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ ആവാത്തതുമാണ് ഇതിന് കാരണം. അതേസമയം ചിത്രം വര്‍ക്ക് ആവുന്നപക്ഷം വലിയ വിജയത്തിലേക്ക് പോവാനുള്ള സാധ്യത ഉണ്ടായിരുന്നുതാനും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങള് ആയിരുന്നു ആ സാധ്യതയ്ക്കുള്ള ഒരു കാരണം. ചിത്രം വര്‍ക്ക് ആയതിനെത്തുടര്‍ന്ന് വമ്പന്‍ വിജയത്തിലേക്ക് പോവുന്ന കാഴ്ചയാണ് റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെയെല്ലാം ബോക്സ് ഓഫീസുകളില്‍ പിന്നീട് ദൃശ്യമായത്.
ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് 25-ാം തീയതി പുറത്തുവിട്ടത് അനുസരിച്ച് 525 കോടിയിലേറെയാണ്. കേരളത്തിലും വന്‍ കളക്ഷനാണ് ജയിലര്‍ നേടിയത്. രജനികാന്തിന് കേരളത്തില്‍ പണ്ടുമുതല്ക്കേ ആരാധകര്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്റെ മാത്യു എന്ന അതിഥിവേഷം വലിയ പ്ലസ് ആയി. ഇപ്പോഴിതാ ചിത്രം 20 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
മറ്റ് മാര്‍ക്കറ്റുകള്‍ക്കൊപ്പം മികച്ച ഓപണിംഗ് ആണ് ചിത്രം കേരളത്തിലും നേടിയിരുന്നത്. ഓണം റിലീസുകള്‍ എത്തുന്നതിന് രണ്ടാഴ്ച മുന്‍പാണ് ജയിലര്‍ എത്തിയത് എന്നത് ചിത്രത്തിന് ഗുണമായി. എന്നാല്‍ ഓണം റിലീസുകള്‍ എത്തിയിട്ടും ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചില്ലെന്നത് ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിച്ചു. ബോക്സ് ഓഫീസ് ട്രാക്കറായ എ ബി ജോര്‍ജിന്റെ കണക്കനുസരിച്ച് 20 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രം 24000 ഷോകള്‍ നടത്തി. ആകെ ഗ്രോസ് 53.80 കോടി! 20 കോടിക്ക് മുകളില്‍ ഇതിനകം ചിത്രത്തിന് ഷെയര്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം റിലീസിന്റെ 22-ാം ദിവസമായ ഇന്നും ചിത്രത്തിന് മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത് എന്നത് ഇനിയുമേറെ ചിത്രം കളക്റ്റ് ചെയ്യും എന്നതിന്റെ ശരിയായ സൂചനയാണ്.