ദില്ലി: ബിസ്ക്കറ്റ് പാക്കറ്റിൽ ഒരു ബിസ്ക്കറ്റിന്റെ എണ്ണം കുറഞ്ഞതിന് ഭീമൻ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. പ്രമുഖ കമ്പനിയായ ഐടിസിക്കാണ് ചെന്നൈ ആസ്ഥാനമായുള്ള ഒരു ഉപഭോക്തൃ ഫോറം വൻതുക പിഴ ചുമത്തിയത്. 16 ബിസ്ക്കറ്റുള്ള ‘സൺ ഫീസ്റ്റ് മേരി ലൈറ്റ്’ പാക്കിലാണ് ഒരു ബിസ്ക്കറ്റ് കുറച്ച് പായ്ക്ക് ചെയ്തത്. ചെന്നൈ സ്വദേശിയായ ഒരാൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനായി ബിസ്ക്കറ്റ് പാക്കറ്റ് വാങ്ങിയത്. എന്നാൽ 16 എണ്ണമെന്ന് പാക്കറ്റിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും തുറന്നപ്പോള് 15 എണ്ണമേ ഉണ്ടായിരുന്നുള്ളൂ.
പാക്കറ്റുകളിൽ ഒരു ബിസ്ക്കറ്റ് കുറവ് കണ്ടപ്പോൾ ആദ്യം വാങ്ങിയ കടക്കാരനെ സമീപിച്ചെന്നും അവിടെ നിന്ന് ഉത്തരം ലഭിക്കാതായപ്പോൾ വിശദീകരണത്തിനായി ഐടിസിയെ സമീപിച്ചെന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ കമ്പനി തൃപ്തികരമായ രീതിയിൽ പ്രതികരിച്ചില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. ചെന്നൈ സ്വദേശിയായ പി ദില്ലി ബാബു എന്നയാളാണ് ഹിമാചൽ പ്രദേശിലെ മണാലിയിൽ നിന്ന് ബിസ്കറ്റ് വാങ്ങിയത്. തെരുവ് നായ്ക്കൾക്ക് നൽകാനായിരുന്നു ബിസ്കറ്റ് വാങ്ങിയത്. 2021 ഡിസംബറിലായിരുന്നു സംഭവം. പാക്കറ്റിൽ 16 ബിസ്ക്കറ്റുകൾ ഉണ്ടാകുമെന്നാണ് അടയാളപ്പെടുത്തിയത്. എന്നാൽ പാക്ക് പൊട്ടിച്ചപ്പോൾ 15 ബിസ്ക്കറ്റുകൾ മാത്രമാണുണ്ടായിരുന്നതെന്ന് പരാതിക്കാരൻ പറയുന്നു.
ബിസ്ക്കറ്റ് പാക്കറ്റിങ്ങിലൂടെ കമ്പനി ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു. പേക്കറ്റിൽ ഒരു ബിസ്ക്കറ്റ് കുറച്ച് നൽകി പ്രതിദിനം 29 ലക്ഷം രൂപയിലധികം പൊതുജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. ഓരോ ബിസ്ക്കറ്റിനും 75 രൂപയാണ് വിലയെന്ന് ഇയാൾ പറഞ്ഞു. നിർമ്മാതാക്കൾ പ്രതിദിനം 50 ലക്ഷം രൂപയുടെ പാക്കറ്റുകൾ നിർമ്മിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സ്ഥാപനം പ്രതിദിനം 29 ലക്ഷം രൂപയിലധികം പൊതുജനങ്ങളെ വഞ്ചിച്ചതായും ഇദ്ദേഹം പറഞ്ഞു.
ബിസ്ക്കറ്റുകൾ അവയുടെ ഭാരം അടിസ്ഥാനമാക്കിയാണ് വിൽക്കുന്നതെന്നും ബിസ്ക്കറ്റുകളുടെ എണ്ണമല്ലെന്നും കമ്പനി വിശദീകരിച്ചു. 76 ഗ്രാമാണ് ബിസ്ക്കറ്റ് പാക്കറ്റിന്റെ ആകെ ഭാരമെന്നും കമ്പനി വിശദീകരിച്ചു. എന്നാൽ, ബിസ്ക്കറ്റ് പാക്കറ്റുകൾ തൂക്കിയപ്പോൾ 74 ഗ്രാം മാത്രമാണുള്ളതെന്ന് കണ്ടെത്തി. ഇതോടെ കമ്പനിയുടെ വാദം പൊളിഞ്ഞു. തുടർന്നാണ് ദില്ലിബാബുവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. എണ്ണം കുറവുള്ള പ്രത്യേക ബാച്ച് ബിസ്ക്കറ്റുകളുടെ വിൽപ്പന നിർത്താനും കമ്പനിയോട് ഉത്തരവിട്ടു.