റോം: ഇറ്റലിയിൽ ഇന്ത്യൻ വംശജനായ കർഷകത്തൊഴിലാളിയുടെ മരണത്തിൽ തൊഴിലുടമ അറസ്റ്റിൽ. സത്നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്റോനെല്ലോ ലൊവാത്തെയെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസമാണു കേസിന് ആസ്പദമായ സംഭവം. സ്ട്രോബെറി റാപ്പിംഗ് മെഷീനിൽ കുടുങ്ങി കൈ അറ്റുപോയ സത്നാം സിംഗിനെ ആശുപത്രിയിൽ എത്തിക്കാതെ തൊഴിലുടമ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.വഴിയിൽ കിടന്ന സത്നാം ചോരവാർന്നു മരിക്കുകയായിരുന്നു. സത്നാം സിംഗിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് വയലിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരിൽ ഒരാളായ സിംഗ് മനുഷ്യത്വരഹിതമായ പ്രവൃത്തികളുടെ ഇരയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.