ജെറുസലേം കടുത്ത ജനകീയ പ്രക്ഷോഭം വകവയ്ക്കാതെ, സുപ്രീംകോടതിയുടെ അധികാരം ഹനിക്കുന്ന വിവാദ ബില്‍ പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്.
പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ ബില്ലിലെ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് ഏകകണ്ഠമായി പാസായി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സര്‍ക്കാരിനെ വോട്ടെടുപ്പില്‍നിന്ന് തടയുന്നതിനായി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ അവസാനവട്ട ചര്‍ച്ച ഫലംകണ്ടില്ല. യുക്തിരഹിതമെന്നു കരുതുന്ന സര്‍ക്കാര്‍ നടപടികളെ അസാധുവാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരമാണ് പുതിയ നിയമനിര്‍മാണത്തിലൂടെ എടുത്തുകളഞ്ഞത്.
സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നടപടിയാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. അതേസമയം, പുതിയ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇസ്രയേലി രാഷ്ട്രീയ നിരീക്ഷണ സംഘം അറിയിച്ചു. അന്തിമ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്കുമുമ്ബ് പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പതിനായിരക്കണക്കിന്നം പ്രക്ഷോഭകര്‍ ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാര്‍ച്ച് നടത്തി എത്തിയിരുന്നു.