ന്യൂയോര്‍ക്ക് : ഗാസയിലേക്കുള്ള കടന്നു കയറ്റം അബദ്ധമായിരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി.
ഗാസ പിടിച്ചടുക്കുന്നതിന് തങ്ങള്‍ക്ക് താത്പര്യമില്ലെന്നും എന്നാല്‍ ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ വ്യക്തമാക്കി.
ഗാസയിലേക്ക് കരമാര്‍ഗമുള്ള നീക്കത്തിന് ഇസ്രയേല്‍ തയ്യാറാടെക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം പുറത്ത് വന്നത്. ഹമാസ് പാലസ്തീന് ജനതയെ മുഴുവനായും പ്രതിനിധീകരിക്കുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിലേക്ക് കരമാര്‍ഗമുള്ള നീക്കങ്ങള്‍ക്ക് സൈനികരെ അയക്കില്ലെന്ന് നേരത്തെ തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നു.
‘ഞങ്ങള്‍ക്ക് ഗാസ പിടിച്ചെടുക്കാനോ ഗാസയില്‍ തുടരാനോ താല്പര്യമില്ല, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ നിലനില്‍പ്പിനായി പോരാടുന്നതിനാല്‍, ബൈഡന് അഭിപ്രായപ്പെട്ടതുപോലെഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാര്‍ഗം, അതിനാല്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടിവരും. അവരുടെ എല്ലാ ശേഷിയും ഇല്ലാതാക്കും’ ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോട് പ്രതികരിച്ചു. സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഗാസയില്‍ തുടരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
‘ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരയുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഗാസയില്‍ കഴിഞ്ഞ രാത്രിയിലും ഹാമാസ് തീവ്രവാദികളെ ലക്ഷ്യം വച്ച് ഇസ്രയേല്‍ വലിയ രീതിയില്‍ വ്യോമാക്രമണം നടത്തി.