ജറൂസലം : ഇസ്രായേലില്‍ സര്‍ക്കാറിനെതിരെ വൻ പ്രതിഷേധ വേലിയേറ്റം സൃഷ്ടിച്ച ജുഡീഷ്യല്‍ പരിഷ്കാരം അടിച്ചേല്‍പിക്കാനൊരുങ്ങി വീണ്ടും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഒരിക്കല്‍ പിൻവലിച്ച പരിഷ്കാര നീക്കമാണ് ചെറിയ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുന്നത്.
സര്‍ക്കാറിനെതിരെ വിധിപറയാൻ അധികാരം നിഷേധിക്കുന്നതടക്കം ജുഡീഷ്യറിയെ ചുരുട്ടിക്കൂട്ടുന്ന പരിഷ്കാര നടപടികളാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടപ്പാക്കാനൊരുങ്ങിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിലനില്പുതന്നെ അപകടകരമാകുംവിധം ജനം രംഗത്തിറങ്ങിയതോടെ പിൻവലിക്കുകയായിരുന്നു. സര്‍ക്കാറിനെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതിക്ക് അധികാരം തിരിച്ചുനല്കുന്നതുള്പ്പെടെ മാറ്റങ്ങളോടെയാകും പുതിയ പരിഷ്കാരമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, അഴിമതിക്ക് വാതില്‍ തുറന്നിടുന്നതാകും പുതിയ നീക്കവുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. നെതന്യാഹുവിനെതിരെ ജനം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കടുത്ത അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്ക്കുന്ന നെതന്യാഹു രക്ഷപ്പെടാനുള്ള അവസാന നടപടിയായാണ് ജുഡീഷ്യറി പരിഷ്കാരത്തെ കാണുന്നതെന്ന് ഇസ്രായേലികള്‍ക്കൊപ്പം പാശ്ചാത്യ ഭരണകൂടങ്ങളും കരുതുന്നു. എന്നാല്‍, ജുഡീഷ്യറിയും ഭരണകൂടവും തമ്മില്‍ സന്തുലനമാണ് ഉദ്ദേശിക്കുന്നതെന്ന് നെതന്യാഹു പറയുന്നു.