ഡബ്ലിന്‍ : അയര്‍ലൻഡില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്ന കാര്യത്തില്‍ ഇന്ത്യക്കാരുടെ കുതിപ്പ് തുടരുന്നു. വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ചുള്ള 2023 ലെ ആദ്യ ആറു മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ പുതുതായി വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ 40 ശതമാനത്തോളം ഇന്ത്യന്‍ പൗരന്മാരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
ജനുവരി മുതല്‍ ജൂണ്‍ 30 വരെ 15336 വര്‍ക്ക് പെര്‍മിറ്റുകളാണ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള 15336 പൗരന്മാര്ക്കായി നല്‍കിയത്. ഇതില്‍ 5855 എണ്ണവും ഇന്ത്യക്കാരാണ് സ്വന്തമാക്കിയത്. വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്നതില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്.1388 വീസകളാണ് ബ്രസീലുകാര്‍ സ്വന്തമാക്കിയത്. 1334 പെര്‍മിറ്റുകളുമായി ഫിലിപ്പൈന്‍സാണ് മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാന് 773, ചൈന 723, ദക്ഷിണാഫ്രിക്ക 604, നൈജീരിയ 421 എന്നിങ്ങനെ പെര്‍മിറ്റുകള്‍ നേടി.
വീസ നിഷേധിച്ചവരുടെ കാര്യത്തിലും ഇന്ത്യ തന്നെയാണ് ഏറ്റവും മുന്നില്‍. 833 പേരുടെ അപേക്ഷകളാണ് നിരസിച്ചത്. അവയില്‍ 191 പേരും ഇന്ത്യക്കാരാണ്. ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയത്. ഇന്‍ഫര്‍മേഷന്‍ ആൻഡ് കമ്മ്യൂണിക്കേഷന്‍ മേഖലയിലും വ്യാപകമായ തോതില്‍ വര്‍ക്ക് പെര്‍മിറ്റ് വിതരണം ചെയ്തു.
ജീവനക്കാരുടെ കുറവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതും ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലകളിലാണ്. 2051 ആകുമ്ബോഴേക്കും അയര്‍ലൻഡില്‍ 65 വയസ്സും അതില്‍ കൂടുതലുമുള്ള 2.1 ദശലക്ഷത്തിലധികം ആളുകള്‍ ഉണ്ടായിരിക്കുമെന്നും അവരില്‍ പലര്‍ക്കും അധിക പരിചരണം ആവശ്യമായി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.