2022ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്റര്‍നെറ്റ് നിരോധിക്കുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 84 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. വിവിധ തെരഞ്ഞെടുപ്പുകള്‍, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാണ് ഇന്റര്‍നെറ്റ് വിച്ഛേദത്തിന് കാരണമായതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മുകശ്മീരിൽ 49 തവണയും രാജസ്ഥാനില്‍ പന്ത്രണ്ടും പശ്ചിമബംഗാളില്‍ ഏഴും തവണയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ടുകൾ..
2016 മുതല്‍ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളുടെ 58 ശതമാനവും ഇന്ത്യയിലാണ്. 2021ല്‍ ഇന്ത്യയില്‍ 107 തവണയാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. 2022ല്‍ ലോകത്താകമാനം 35 രാജ്യങ്ങള്‍ 187 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതുമൂലം ബിസിനസില്‍ നഷ്ടം നേരിടുന്ന പരാതി ടെലികോം ഓപ്പറേറ്റര്‍മാരും ഉന്നയിച്ചിരുന്നു.