സിഡ്നി: ഓസ്ട്രേലിയയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും അതു പരിഹരിക്കാൻ സർവകലാശാലകൾ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നും പഠന റിപ്പോർട്ട് സിഡ്നി യൂണിവേഴ്സിറ്റിയിലെയും ഡീക്കിൻ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഗുരുതരമായ കണ്ടെത്തലുള്ളത്. 37 സർവ്വകലാശാലകൾ അവലോകനം ചെയ്തതിൽ മൂന്ന് സർവകലാശാലകളിൽ മാത്രമാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതികളുള്ളുവെന്ന് സമിതി കണ്ടെത്തി.
ആഭ്യന്തര വിദ്യാർത്ഥികളെ അപേക്ഷിച്ച് വിദേശ വിദ്യാർത്ഥികളാണ് കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നത്. ഇവർക്ക് പിന്തുണ ലഭിക്കാനുള്ള സാധ്യതകളും കുറവാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ മാനസികാരോഗ്യം വ്യക്തിഗത ഉത്തരവാദിത്തമെന്ന നിലയിലാണ് മിക്കവാറും സ്ഥാപനങ്ങൾ കാണുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദശകത്തിൽ (2005നും 2019 നും ഇടയിൽ) വിക്ടോറിയ സംസ്ഥാനത്ത് മാത്രം 47 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി ഒരു കൊറോണിയൽ റിപ്പോർട്ട് കണ്ടെത്തി. 2021-ലാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.
2016-ൽ 21 വയസുള്ള അന്താരാഷ്ട്ര വിദ്യാർത്ഥി ആത്മഹത്യ ചെയ്നതിനെ തുടർന്നാണ് കൊറോണിയൽ അന്വേഷണമുണ്ടായത്. വിക്ടോറിയയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് തനിക്ക് ആശങ്കകൾ ഉണ്ടെന്ന് കൊറോണർ ഓഡ്രി ജാമിസൺ കുറിച്ചു.
പുതിയ പഠന റിപ്പോർട്ടിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ സാമൂഹികമായ ഒറ്റപ്പെടൽ, തൊഴിലിലെ ചൂഷണം, പാർപ്പിട പ്രതിസന്ധി, താങ്ങാനാകാത്ത ജീവിതച്ചെലവ്, സാമ്പത്തിക അരക്ഷിതാവസ്ഥ, വിവേചനം എന്നിവ അനുഭവിക്കുന്നവരാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. മാനസിക സംഘർഷങ്ങൾക്ക് സഹായം തേടാനും ഇവർ മടിക്കുന്നു. ഭാഷാ പ്രതിസന്ധി, അപമാന ഭയം, ആരോഗ്യ നയങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ അന്താരാഷ്ട്ര വിദ്യാർത്ഥികളെ സഹായം തേടുന്നതിൽ നിന്ന് തടയുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠിക്കേണ്ടതിൻ്റെ ആവശ്യകതയും കുടുംബത്തിൻ്റെ അക്കാദമിക് പ്രതീക്ഷകൾ നിറവേറ്റാനുള്ള സമ്മർദവും മാനസിക സംഘർഷം വർദ്ധിപ്പിക്കുന്നു.
കൂടുതൽ സങ്കീർണമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനോ പിന്തുണയ്ക്കുന്നതിനോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജ്ജരല്ലെന്ന് ഗവേഷണം റിപ്പോർട്ടിൽ പറയുന്നു.
പല സർവകലാശാലകളും ബജറ്റ് വെട്ടിക്കുറച്ചു! അതിനാൽ വിദ്യാർത്ഥികൾക്ക് ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതും കുറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ക്ഷേമത്തിന് സഹായകമായ മാനസികാരോഗ്യ കൗൺസിലിങ്, താമസം, ജോലി എന്നിവ ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നതിൽ നിന്ന് സർവകലാശാലകളും പിൻവലിഞ്ഞു.സർവകലാശാലകൾ സമഗ്രമായ പിന്തുണ നൽകുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ സിഇഒ ഫിൽ ഹണിവുഡ് പറഞ്ഞു.